ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു മണിക്കൂറിനിടെ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. മൊഗ്ബസാറിലെ അദ് ദിൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് ഓപറേഷൻ വാർഡിലാണ് സംഭവം. മുറിയിലെ സാങ്കേതിക തകരാറാണ് ദുരന്തത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു.
ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മരിച്ചവരിൽ ഇരട്ടക്കുഞ്ഞുങ്ങളും ഉൾപ്പെടും. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പുലർച്ചെ രണ്ടുമണിയോടെ കുഞ്ഞുങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നതായി പോസ്റ്റ് ഓപറേഷൻ മുറിയിലുണ്ടായിരുന്ന ഒരു കൂട്ടിരിപ്പുകാരൻ പരാതിപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പരാതിയെ തുടർന്ന് മുറിയിലെ എ.സി ഒരു മണിക്കൂറോളം ഓഫാക്കിയ ശേഷം വീണ്ടും ഓൺ ചെയ്യുകയായിരുന്നു. തുടർന്ന് പുലർച്ചെ നാലുമണിയോടെ നവജാത ശിശുക്കളിൽ ഒരാളുടെ നില വഷളാകുകയും കുഞ്ഞിനെ എൻ.ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. ആറുമണിയോടെയാണ് വാർഡിൽ ഒരു കുഞ്ഞിന് അനക്കമില്ലാത്തതായി നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുഞ്ഞുങ്ങളെ എൻ.ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ആറ് കുഞ്ഞുങ്ങളും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ധാക്കയിലെ താപനില ഏകദേശം 32 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എ.സി ഓഫ് ചെയ്തതോടെ, വായുസഞ്ചാരമില്ലാത്ത മുറിയായതിനാൽ കുട്ടികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതാകാം മരണകാരണമെന്ന് ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞു.
കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രതിഷേധവുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. ആശുപത്രി അധികൃതരുടെ മോശം മാനേജ്‌മെന്റാണ് മരണത്തിന് കാരണമെന്ന് കുടുംബങ്ങൾ ആരോപിച്ചു. സംഭവം അന്വേഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.