ഡോണൾഡ് ട്രംപ്, മുജത്ബ ഖാംനഈ

ഇറാന് ഇപ്പോൾ വ്യോമസേന ഇല്ല, നാവികസേന ഇല്ല, പ്രതിരോധസംവിധാനങ്ങൾ തകർത്തു, അവരുടെ പരമോന്നത നേതാവ് ഏതാണ്ട് പൂർണമായി ഇല്ലാതായി -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ വാഷിങ്ടൺ നടത്തുന്ന കനത്ത ആക്രമണത്തിനിടെ പുതിയ അവകാശവാദവുമായി ഡോണൾഡ് ട്രംപ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല മുജത്ബ ഖാംനഈ ഇല്ലാതായെന്നും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും അകാശപ്പെട്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിൽ തെഹ്റാനിൽ സൈന്യത്തിന്‍റെ ഉന്നത നേതൃത്വം പൂർണമായും ഇല്ലതായെന്നും ട്രംപ് അറിയിച്ചു.

തിങ്കളാഴ്ച ഒരു അന്താരാഷ്ട്ര മാധ‍്യമവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാന്‍റെ നാവിക-വ്യോമപ്രതിരോധ സംവിധാനങ്ങളെ തുടച്ചു നീക്കിയെന്ന തരത്തിലുള്ള പ്രസ്താവന പുറത്ത് വന്നത്. അവർക്ക് ഇപ്പോൾ നാവിക സേന ഇല്ല, വ്യോമസേന ഇല്ല, അവരുടെ വിമാനവേധ സംവിധാനം നിലച്ചുകഴിഞ്ഞു, അവരുടെ മികച്ച നേതാക്കളെല്ലാം കൊല്ലപ്പെട്ടു എന്ന് ട്രംപ് കൂട്ടി ചേർത്തു. `മുജ്തബ ഖാംനഈ 90 ശതമാനം ഇല്ലാതായി. അതേ സമയം ഇറാന്‍ മെച്ചപ്പെട്ടുവെന്ന ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിനെ ട്രംപ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് അഞ്ച് ശതമാനമായിരുന്ന ഇറാന്‍റെ പണപ്പെരുപ്പം ഇപ്പോൾ 35 ശതമാനമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേ സമയം ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രേനിയന്‍ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനുനേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ മേഖലയിൽ ഉണ്ടായ വലിയ പ്രത്യാക്രമണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഒമാൻ തീരത്തിന് സമീപം ഹുർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് പാതയിലൂടെ കടന്നുപോവുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യു.എ.ഇ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.

ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന നടപടിയാണിതെന്നും, തങ്ങളുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കാൻ യുഎഇക്ക് അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഭീഷണിയെ നേരിടാൻ പൂർണ സജ്ജമാണെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി.

ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിതരണവും നടക്കുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന പോരാട്ടമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7.8 ശതമാനം ഉയർന്ന് ബാരലിന് 81.92 ഡോളറായി.

അതേസമയം, ഇറാൻ കേന്ദ്രീകരിച്ച് അമേരിക്കൻ സൈന്യം പുതിയ ആക്രമണ പരമ്പരകൾ തുടങ്ങിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നിഷ്കളങ്കരായ ജനങ്ങളെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ടുള്ള ഇറാൻ സേനയുടെ നീക്കങ്ങളെ തടയാൻ തങ്ങൾ ശക്തമായ നടപടികൾ തുടരുമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.

Tags:    
News Summary - Iran now has no air force, no navy, their defense systems are destroyed, and their supreme leader is almost completely gone - Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.