യു.എസ് ആക്രമണത്തിന്റെ ദൃശ്യം

ചരിത്രത്തിലാദ്യമായി സമുദ്ര ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്ക; ഇറാനിലെ നാവിക കേന്ദ്രങ്ങൾ തകർത്തു

തെഹ്റാൻ: ഇറാനിലെ തീരദേശ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ സൈറ്റുകൾ എന്നിവ തകർത്തതായി അമേരിക്കൻ സൈന്യം. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഒന്നിലധികം 'വൺ-വേ അറ്റാക്ക് സർഫേസ് ഡ്രോണുകൾ' ഉപയോഗിച്ച് ഇറാനിലെ അന്തർവാഹിനി, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം എന്നിവക്ക് നേരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യു.എസ് പുറത്തുവിട്ടിട്ടുണ്ട്.

'കോർസെയർ' വിഭാഗത്തിൽപ്പെട്ട മൂന്ന് ആളില്ലാ ഉപരിതല ഡ്രോണുകളാണ് ഉപയോഗിച്ചത്. യു.എസ് സൈനിക ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള സമുദ്ര ഡ്രോണുകൾ നേരിട്ടുള്ള യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ബുശെർ, ചാബഹാർ, ജാസ്ക്, കൊനാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ തന്ത്രപ്രധാനമായ മേഖലകളിൽ അഞ്ച് മണിക്കൂർ നീണ്ടുനിന്ന കനത്ത ആക്രമണമാണ് അമേരിക്കൻ സേന നടത്തിയത്. ആക്രമണത്തിൽ ഇറാനു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഈ ആക്രമണം. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭാവിയിൽ ഇത്തരം ആക്രമണങ്ങൾക്കുള്ള ഇറാനിയൻ ശേഷി ഇല്ലാതാക്കാനുമാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചതെന്ന് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

നിലവിലെ പുതിയ ആക്രമണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇറാനിലെ റഡാർ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ അമേരിക്ക തകർത്തിരുന്നു. ഇതിന് മറുപടിയായി മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

ഇതിനിടെ ഹുർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരും രണ്ടുപേർ യുക്രൈയ്നിയൻ പൗരന്മാരുമാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം സംഘർഷത്തിനിടെ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മുതൽ അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും, ഇതിനായി കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളിൽ നിന്നും 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘ഹുർമുസ് കടലിടുക്കിന്റെ സംരക്ഷകൻ’ ആയി അമേരിക്ക പ്രവർത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.

നിലവിൽ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിലുടനീളം 50,000-ത്തിലധികം യു.എസ് സൈനികരെ വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് സൈനിക വിന്യാസം വർധിപ്പിച്ചിരിക്കുന്നത്. 

Tags:    
News Summary - US Strikes Iranian Submarine Centre Using Sea Drones For First Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.