തെഹ്റാൻ: യു.എസും ഇസ്രായേലും ഇറാനിൽ നടത്തിവരുന്ന യുദ്ധം ആറുമാസം പിന്നിടുമ്പോൾ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതനിലവാരം അതീവ ഗുരുതരമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കടുത്ത സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും കാരണം ഒമ്പതു കോടി വരുന്ന ജനങ്ങൾ ദിനംപ്രതി അതിജീവനത്തിനായി പൊരുതുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടും നിരന്തരമായ സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ അവസ്ഥയിൽ തങ്ങളുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയാണ് ഇറാനിലെ സാധാരണക്കാർ പങ്കുവെക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന്ആരംഭിച്ച യുദ്ധത്തിന്റെ തുടക്കത്തിൽ അന്നത്തെ പരമാധികാരി ആയത്തുല്ല അലി ഖാംനഈയും ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. അന്തരിച്ച നേതാവിന്റെ മകൻ മുജ്തബ ഖാംനഈയെ പുതിയ പരമാധികാരിയായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം പൊതുവേദികളിൽനിന്നും ഒഴിഞ്ഞുനിൽക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ വേണമെന്ന് വാദിക്കുന്നവരും അമേരിക്ക പിന്മാറുന്നതുവരെ പോരാട്ടം തുടരണമെന്ന് ശഠിക്കുന്നവരും ഭരണകൂടത്തിനുള്ളിലുണ്ട്. എന്നാൽ അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ കീഴടങ്ങില്ലെന്ന കാര്യത്തിൽ ഭരണ നേതൃത്വത്തിന് ഒരേ അഭിപ്രായമാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. ഇതിനിടയിൽ ഇറാനുമേൽ അമേരിക്ക ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായുള്ള ഭരണപരമായ അഴിമതികളും ഉപരോധങ്ങളും മൂലം തകർന്നടിഞ്ഞ ഇറാൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ആഗസ്റ്റ് 22ന് അവസാനിച്ച അഞ്ച് മാസക്കാലയളവിൽ രാജ്യത്തെ പണപ്പെരുപ്പം മുൻവർഷത്തെ അപേക്ഷിച്ച് 89 ശതമാനമായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ഓഫ് ഇറാൻ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാകട്ടെ 127 ശതമാനത്തിലധികമാണ്.
തെഹ്‌റാനിലെ ഒരു സാങ്കേതിക സ്ഥാപനത്തിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്യുന്ന ബിജൻ എന്ന യുവാവ് തന്റെ ദുരിതങ്ങൾ പങ്കുവെച്ചു. മൂന്ന് വർഷം മുമ്പ് തനിക്ക് ലഭിച്ചിരുന്ന ശമ്പളം 1,000 യു.എസ് ഡോളറിന് തുല്യമായിരുന്നുവെങ്കിൽ, നിലവിൽ തുടർച്ചയായ ശമ്പള വർധനവുകൾക്ക് ശേഷവും ആ തുക 500 ഡോളറിലും താഴെയായി ചുരുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തെഹ്‌റാൻ ഓപ്പൺ മാർക്കറ്റിൽ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം യു.എസ് ഡോളറിനെതിരെ സർവ്വകാല റെക്കോർഡ് തകർച്ചയായ 2.06 ദശലക്ഷത്തിലേക്ക് കൂപ്പുകുത്തി.
എണ്ണ-പ്രകൃതിവാതക പ്ലാന്റുകൾ, ഉരുക്ക് വ്യവസായശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം യുദ്ധത്തിൽ തകർന്നു. ഇത് കടുത്ത ഇന്ധന-വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തിന് മുന്നോടിയായി പ്രകൃതിവാതക ലഭ്യതക്കുറവ് നേരിടാൻ ഭരണകൂടം തയ്യാറെടുക്കുകയാണ്. വ്യക്തിഗത വാഹനങ്ങളുടെ ഇന്ധന ക്വാട്ട വെട്ടിക്കുറച്ചിട്ടുള്ള സർക്കാർ, പെട്രോൾ വില വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ‘വിശുദ്ധ ഐക്യം’ നിലനിർത്തണമെന്ന് ഇറാനിയൻ അധികാരികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക ഐക്യത്തിന് തുരങ്കം വെക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് മുജ്തബ ഖാംനഈടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ രാജ്യം കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും എണ്ണ വിൽക്കാൻ പോലും സാധിക്കാത്ത വിധം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും പ്രസിഡന്റ് പെസെഷ്കിയൻ കഴിഞ്ഞ ദിവസം സ്റ്റേറ്റ് ടെലിവിഷനിലെ അഭിമുഖത്തിൽ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.