ഫലസ്തീൻ വനിതാ തടവുകാരുടെ മോശം ജയിൽ സാഹചര്യങ്ങളെ പ്രശംസിച്ച് ബെൻ-ഗ്വിർ; 'ഏറ്റവും കുറഞ്ഞ സൗകര്യങ്ങൾ' മാത്രമേ ഉണ്ടാകൂവെന്ന് ഭീഷണി

ജറുസലേം:  തടവിലാക്കപ്പെട്ട ഫലസ്തീൻ സ്ത്രീകൾ നേരിടുന്ന കഠിനമായ സാഹചര്യങ്ങളെ പരസ്യമായി പ്രശംസിച്ച് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. ഫലസ്തീൻ വനിതാ തടവുകാരുടെ സെല്ലിൽ നിന്നുള്ള ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, ജയിലുകളിൽ ഈ കടുത്ത സാഹചര്യങ്ങൾ നടപ്പിലാക്കിയത് താനാണെന്ന് അവകാശപ്പെടുകയും ചെയ്തു. തടവുകാരുടെ പരാതികളെ നേരിൽക്കണ്ട് പരിഹരിക്കുന്നതിന് പകരം അവരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ബെൻ-ഗ്വിറിന്റെ എക്സ് അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വടക്കൻ ഇസ്രായേലിലെ ഡാമോ സുരക്ഷാ ജയിലിൽ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മന്ത്രിയുടെ ഉത്തരവാദത്തത്തിൽ ഉൾപ്പെടുന്ന ജയിൽ വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ, മുഖം അവ്യക്തമാക്കിയ നിലയിലുള്ള വനിതാ തടവുകാരെയാണ് വിഡിയോയിൽ കാണിക്കുന്നത്. പലസ്തീൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ) സംഘടനയിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു തടവുകാരി, ജയിലിലെ ദയനീയമായ അവസ്ഥയെക്കുറിച്ച് മന്ത്രിയോട് സംസാരിച്ചു.

മൂന്ന് ദിവസമായി തങ്ങൾക്ക് കുളിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വൈദ്യസഹായം ലഭിക്കുന്നില്ലെന്നും വസ്ത്രങ്ങൾ വൃത്തിയുള്ളതല്ലെന്നും ഒരു തടവുകാരി അദ്ദേഹത്തോട് പരാതിപ്പെടുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, "ജയിലുകളിലെ നല്ല സാഹചര്യങ്ങൾ അവസാനിച്ചിരിക്കുന്നു. നിലവിലെ സ്ഥിതി ഇതാണ്, ഇതിന്റെയെല്ലാം പൂർണ ഉത്തരവാദിത്തം എനിക്കാണ്. ഈ സാഹചര്യങ്ങളിൽ ഞാൻ സംതൃപ്തനാണ്" എന്നായിരുന്നു ബെൻ-ഗ്വിറിന്റെ മറുപടി. തന്റെ സഹോദരങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഹോട്ടൽ സൗകര്യങ്ങൾ ലഭിക്കില്ലെന്നും ബെൻ ഗ്വിർ കൂട്ടിച്ചേർത്തു.

തടവുകാരുടെ ഈ കരച്ചിൽ തന്നെ സ്വാധീനിക്കില്ലെന്നും ഗസ്സയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി പൗരന്മാർക്കും ആവശ്യമായ സാഹചര്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു വിഡിയോയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ മന്ത്രി അവകാശപ്പെട്ടത്. "കുറഞ്ഞതിൽ ഏറ്റവും കുറഞ്ഞ സൗകര്യങ്ങൾ മാത്രം നൽകുന്ന നയം ഞാൻ തുടർന്നും നടപ്പിലാക്കും" എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫലസ്തീനികളുടെ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടത് ഭയപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും വേണ്ടിയുള്ള രാഷ്ട്രീയ നാടകമാണെന്ന് ഗസ്സയിലെ കമ്മീഷൻ ഓഫ് ഡിറ്റനീസും എക്സ്-ഡിറ്റനീസും കുറ്റപ്പെടുത്തി.

ഇസ്രായേൽ മന്ത്രിയുടെ ഈ നടപടി മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും തടവുകാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയും അപലപിച്ചു. 2022 അവസാനം ദേശീയ സുരക്ഷാ മന്ത്രിയായി ചുമതലയേറ്റതുമുതൽ ഫലസ്തീൻ തടവുകാർക്കുള്ള ഭക്ഷണവും വെള്ളവും വെട്ടിക്കുറക്കൽ, കുടുംബ സന്ദർശനങ്ങൾ തടയൽ, കുളിക്കുന്നതിനുള്ള സമയം പരിമിതപ്പെടുത്തൽ തുടങ്ങിയ കടുത്ത നടപടികളാണ് ബെൻ-ഗ്വിർ നടപ്പിലാക്കിവരുന്നത്. നിലവിൽ 88 സ്ത്രീകളും 350-ലധികം കുട്ടികളും ഉൾപ്പെടെ ഏകദേശം 9,400 ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - Ben-Gvir taunts Palestinian women prisoners over prison conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.