ഗോടബയയുടെ സന്ദർശനാനുമതി ആഗസ്റ്റ് 11 വരെ നീട്ടി സിംഗപ്പൂർ

സിംഗപ്പൂർ/കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോടബയ രാജപക്സക്ക് 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ സിംഗപ്പൂർ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. മുൻ പ്രസിഡന്റ് ഒളിച്ചിരിക്കുന്നില്ലെന്നും സിംഗപ്പൂരിൽനിന്ന് തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീലങ്കൻ മന്ത്രിസഭ വക്താവ് ബന്ദുല ഗുണവർധന പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സന്ദർശന കാലാവധി നീട്ടി റിപ്പോർട്ട് വന്നത്.

ജനകീയ പ്രക്ഷോഭത്തിൽനിന്ന് രക്ഷതേടി സിംഗപ്പൂരിലെത്തിയ ഗോടബയക്ക് ആദ്യം 14 ദിവസമാണ് വിസ അനുവദിച്ചത്. ജൂലൈ 28ന് കാലാധി തീരാനിരിക്കെ ഇതാണ് വീണ്ടും 14 ദിവസം കൂടി നീട്ടി ആഗസ്റ്റ് 11 വരെയാക്കിയത്. ഗോടബയക്ക് പുതിയ വിസ അനുവദിച്ചതായി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സ, മുൻ ധനമന്ത്രി ബേസിൽ രാജപക്‌സ, മുൻ സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാൾ എന്നിവരുടെ വിദേശയാത്ര വിലക്ക് ശ്രീലങ്കൻ സുപ്രീംകോടതി ആഗസ്റ്റ് രണ്ടുവരെ നീട്ടി. ജൂലൈ 15ന് സുപ്രീംകോടതി ജൂലൈ 28 വരെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ജനകീയ പ്രക്ഷോഭത്തിൽനിന്ന് രക്ഷതേടി ഗോടബയ ജൂലൈ 13ന് മാലദ്വീപിലെത്തുകയും പിറ്റേന്ന് സിംഗപ്പൂരിലെത്തുകയുമായിരുന്നു. അതേസമയം, ശ്രീലങ്കൻ സർക്കാർ ജനാധിപത്യ പ്രതിഷേധക്കാരെ കേൾക്കാൻ ഒരുക്കമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ദിനേശ് ഗുണവർധന ബുധനാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അത് ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. റനിൽ വിക്രമസിംഗെ പ്രസിഡൻറായ ശേഷമുള്ള ആദ്യ പാർലമെൻറ് യോഗമാണിത്. റനിലിന്റെ സ്കൂൾ സുഹൃത്തായ ഗുണവർധന (73) കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്കൻ പ്രധാനമന്ത്രിയായത്. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുണ്ടാകാം, എന്നാൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർലമെന്റ് യോജിച്ച് പ്രവർത്തിക്കണമെന്നും ഗുണവർധന കൂട്ടിച്ചേർത്തു.

Tags:    
News Summary - Singapore extends Gotabaya's visit permit till August 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.