വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചതായും ഹുർമുസ് കടലിടുക്ക് വഴി ചുങ്കം നൽകാതെ കപ്പലുകൾക്ക് പോകാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തുള്ള കപ്പലുകളോട് എഞ്ചിൻ സ്റ്റാർട്ടാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
‘എല്ലാവർക്കും അഭിനന്ദനങ്ങൾ! ഹുർമൂസ് കടലിടുക്ക് തുറന്ന് ചുങ്കം നൽകാതെ യാത്രചെയ്യാൻ ഞാൻ പൂർണ അംഗീകാരം നൽകുന്നു. അതോടൊപ്പം, അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഉടനടി ഒഴിവാക്കാനും അംഗീകാരം നൽകുന്നു. ലോകത്തുള്ള കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ടാക്കൂ. എണ്ണ ഒഴുകട്ടെ!” -ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ ട്രംപ് പറഞ്ഞു.
ഇറാൻ ഇസ്‍ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ പൂർത്തിയായതായും ട്രംപ് വ്യക്തമാക്കി. ഈ മഹത്തായ കരാർ മുഴുവൻ മേഖലയ്ക്കും സമാധാനവും സുരക്ഷയും കൊണ്ടുവരുമെന്നും ഇറാനുമായുള്ള സമഗ്രമായ സമാധാന കരാർ ഉടൻ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. “നിരവധി പ്രസിഡന്റുമാർ ഇറാനുമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ എന്റെ മുമ്പുള്ള എല്ലാവരും പരാജയപ്പെട്ടു. ആദ്യമായി യഥാർത്ഥ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന ഒരു പ്രസിഡന്റിനെ മേഖലയിലെ നേതാക്കൾ കണ്ടെത്തി. വെള്ളിയാഴ്ച കരാർ ഒപ്പിട്ട് കടലിടുക്ക് തുറക്കുന്നതോടെ, മൈനുകൾ നീക്കം ചെയ്ത് മേഖലയ്ക്കും ലോകത്തിനും വേണ്ടി വീണ്ടും എണ്ണ ഒഴുകും!” അദ്ദേഹം എഴുതി.
ലബനാൻ ഉൾപ്പെടെ എല്ലായിടത്തും യുദ്ധം അവസാനിപ്പിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ എത്തിയതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലബനാൻ ഉൾപ്പെടെ എല്ലായിടത്തും സൈനിക പ്രവർത്തനങ്ങൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കുന്നതായി ഇരുപക്ഷവും പ്രഖ്യാപിച്ചു’ -എന്നായിരുന്നു ശഹബാസിന്റെ കുറിപ്പ്. ജൂൺ 19ന് വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.