ടെക്സാസ്: അമേരിക്കയിലെ മിഡ്‍ലാൻഡ് നഗരത്തിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട പൊലീസ് തിരച്ചിലിന് ഒടുവിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
45കാരനായ വിക്ടർ മാറ്റ വില്ലാറിയൽ ആണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ പൊലീസ് തിരയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവെപ്പിനെക്കുറിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
രാവിലെ എട്ടു മണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പിനെക്കുറിച്ച് അടിയന്തര കോളുകൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്‍ഥലത്തെത്തി. പിന്നാലെ പ്രതി ഉപേക്ഷിക്കപ്പെട്ട ഒരു വെറ്ററിനറി ക്ലിനിക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പൊലീസ് നടപടിക്കൊടുവിൽ ഉച്ചയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തി. വെടിവെപ്പ് ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷം, കെട്ടിടത്തിനുള്ളിൽ നിന്നുള്ള റോബോട്ട്, ഡ്രോൺ ദൃശ്യങ്ങൾ ഉപയോഗിച്ച് വെടിവച്ചയാൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചതായി മിഡ്‌ലാൻഡ് മേയർ ലോറി ബ്ലോംഗ് പറഞ്ഞു. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
പരിക്കേറ്റവരിൽ ചിലർക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. നാലുപേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അഞ്ചുപേരുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇരകളെക്കുറിച്ചോ ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്നോ അധികൃതർ ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാറ്റ വില്ലാറിയൽ പൊലീസുകാരായി മുമ്പും ഏറ്റുമുട്ടിയതായി അധികൃതർ പറഞ്ഞു. ഇയാളെ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ടെക്സസ് ക്രിമിനൽ റെക്കോർഡ് പ്രകാരം, 2009ൽ സാൻ ആഞ്ചലോയിൽ നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2003ലും 2004 ലും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും നിരോധിത ആയുധം നിയമവിരുദ്ധമായി കൈവശം വച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്ന. എന്നാൽ രണ്ട് കേസുകളും പിന്നീട് തള്ളിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.