ദൈർഘ്യത്തിൽ ഒന്നാം ലോകമഹായുദ്ധത്തെ മറികടന്ന് റഷ്യ-യുക്രെയ്ൻ യുദ്ധം

ക്രൂരമായ ആക്രമണങ്ങളും വൻതോതിലുള്ള നാശനഷ്ടങ്ങളും കാരണം യുക്രെയ്നിലെ യുദ്ധം പലപ്പോഴും ഒന്നാം ലോകമഹായുദ്ധവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. നീണ്ടതും രക്തരൂക്ഷിതവുമായ ഒന്നാംലോക യുദ്ധത്തെ മറികടക്കുന്ന മറ്റൊരെണ്ണം ഇനി ഉണ്ടാകുമെന്നത് അസംഭവ്യമായി തോന്നിയിരുന്നു. എന്നാൽ വ്യാഴാഴ്ച സംഭവിച്ചത് അതുതന്നെയാണ്. 1,569 ദിവസങ്ങൾ പിന്നിട്ടതോടെ യുക്രെയ്ൻ യുദ്ധത്തിന്റെ ദൈർഘ്യം ഇപ്പോൾ ഒന്നാം ലോകമഹായുദ്ധത്തെ മറികടന്നിരിക്കുകയാണ്.

2022 ഫെബ്രുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തന്റെ സൈന്യത്തെ യുക്രെയ്നിലേക്ക് അയക്കുമ്പോൾ, ഏതാനും ദിവസങ്ങൾക്കകം അവിടുത്തെ സർക്കാർ വീഴുമെന്നാണ് പുടിൻ കരുതിയിരുന്നത്. എന്നാൽ യുക്രെയ്ൻ റഷ്യയെ തിരിച്ചടിക്കുകയും, സംഘട്ടനം പരസ്പരം നാശനഷ്ടങ്ങൾ വരുത്തി ഒരു നീണ്ട പോരാട്ടമായി മാറുകയും ചെയ്തതോടെ, യുദ്ധരംഗത്തുള്ളവർക്ക് പോലും ഇത് ഇത്രയും കാലം നീണ്ടുനിൽക്കുമെന്ന് ഊഹിക്കാൻ കഴിഞ്ഞിരുന്നില്ല.

"പരമാവധി രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം, അതിനുശേഷം രാഷ്ട്രങ്ങൾ എന്തെങ്കിലും സമവായത്തിൽ എത്തുമെന്നാണ് ഞാൻ കരുതിയത്," ഫ്രഞ്ച് ഫോറിൻ ലെജിയനിലെ സേവനകാലത്തെ അനുസ്മരിപ്പിച്ച് ഒരു യുക്രെയ്നിയൻ സൈനികൻ പറഞ്ഞു. എന്നാൽ യുദ്ധം തുടരുകയാണ്, സമാധാന ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിൽ ഇത് ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണവുമില്ല. അടുത്ത വർഷത്തിന് മുമ്പ് യുദ്ധം അവസാനിക്കില്ലെന്ന് പകുതിയോളം യുക്രെയ്നികൾ വിശ്വസിക്കുന്നതായി സർവേകൾ സൂചിപ്പിക്കുന്നു. ഇത് യുദ്ധത്തെ ആറ് വർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ദൈർഘ്യത്തിലേക്ക് അടുപ്പിക്കും. നിലവിലെ യുദ്ധം യഥാർഥത്തിൽ ആരംഭിച്ചത് 2014-ൽ റഷ്യൻ സൈന്യം ക്രിമിയ പിടിച്ചടക്കിയപ്പോഴാണെന്ന് വാദിക്കുന്ന നിരവധി യുക്രെയ്നിക്കാരുമുണ്ട്. എങ്കിലും, രണ്ട് ലോകമഹായുദ്ധങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. അക്കാലത്തെ യുദ്ധങ്ങളുടെ ആഗോള സ്വഭാവം, ഒന്നിലധികം യുദ്ധക്കളങ്ങൾ, വൻ സൈന്യങ്ങൾ എന്നിവ കാരണം നാശനഷ്ടങ്ങളുടെയും ആയുധശേഷിയുടെയും കാര്യത്തിൽ ഒരു താരതമ്യം നടത്തുക ബുദ്ധിമുട്ടാണ്. ഒന്നാം ലോകമഹായുദ്ധ സമയത്ത് യുക്രെയ്ൻ ഒരു സ്വതന്ത്ര രാജ്യമായി നിലവിലുണ്ടായിരുന്നതുമില്ല.

മാറിയ ഭൗമരാഷ്ട്രീയവും പുതിയ സാങ്കേതികവിദ്യകളും

ഒന്നാം ലോകമഹായുദ്ധത്തെപ്പോലെ യുക്രെയ്നിലെ യുദ്ധവും ആധുനിക യൂറോപ്യൻ ചരിത്രത്തിൽ ഏറ്റവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ സംഘട്ടനങ്ങളിലൊന്നായി മാറാനാണ് സാധ്യതയെന്നാണ് യുക്രെയ്നിയൻ ചരിത്രകാരനായ യാരോസ്ലാവ് ഹ്രിറ്റ്സാക് പറയുന്നത്. രണ്ട് യുദ്ധങ്ങളും സൈനിക സഖ്യങ്ങളെ പുനഃക്രമീകരിക്കുകയും പതിറ്റാണ്ടുകളായി കാണാത്ത വിധത്തിലുള്ള പ്രതിരോധ സജ്ജീകരണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തുകൊണ്ട് യൂറോപ്പിന്‍റെ ഭൗമരാഷ്ട്രീയത്തെ മാറ്റിമറിച്ചു. പുതിയ സാങ്കേതികവിദ്യകളുടെ വരവിലൂടെ രണ്ട് യുദ്ധങ്ങളും യുദ്ധമുറകളുടെ സ്വഭാവത്തെത്തന്നെ മാറ്റിയെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് വിമാനങ്ങളും ടാങ്കുകളുമായിരുന്നെങ്കിൽ, ഇന്ന് ആകാശത്തും കടലിലും കരയിലും ഡ്രോണുകളാണ്. രണ്ട് സാഹചര്യങ്ങളിലും, ഈ സാങ്കേതിക മുന്നേറ്റങ്ങൾ യുദ്ധത്തെ കൂടുതൽ ക്രൂരമാക്കുക മാത്രമാണ് ചെയ്തത്.

1914-ൽ ജർമനി അതിവേഗ വിജയമെന്ന ലക്ഷ്യത്തോടെ പാരീസിലേക്ക് ആക്രമണം നടത്തി. 2022-ൽ യുക്രെയ്ന്റെ തലസ്ഥാനമായ കൈവിലേക്ക് റഷ്യൻ സൈന്യം കുതിച്ചപ്പോഴും ഇതേ ലക്ഷ്യമായിരുന്നു. രണ്ട് സന്ദർഭങ്ങളിലും ആക്രമണകാരികൾ തങ്ങളുടെ ലക്ഷ്യത്തിനടുത്ത് എത്തിയെങ്കിലും ഒടുവിൽ അവർക്ക് പിന്തിരിയേണ്ടി വന്നു. അവസാനം, രണ്ട് യുദ്ധങ്ങളും വലിയ മാറ്റങ്ങളില്ലാത്ത ഒരു നിശ്ചലാവസ്ഥയിലേക്ക് നീങ്ങി. 2022-ന്റെ അവസാനത്തിൽ യുക്രെയ്ൻ യുദ്ധഭൂമിയിൽ സൈനികർ കിടങ്ങുകളിലും ബങ്കറുകളിലും അഭയം പ്രാപിച്ചപ്പോൾ, ചരിത്രകാരന്മാർ ഇതിനെ ഒന്നാം ലോകമഹായുദ്ധ കാലത്തെ കിടങ്ങ് യുദ്ധമുറയിലേക്കുള്ള മടക്കമെന്നാണ് വിശേഷിപ്പിച്ചത്.

കിഴക്കൻ യുക്രെയ്നിലെ കിടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരു നൂറ്റാണ്ട് മുമ്പ് വടക്കൻ ഫ്രാൻസിലുണ്ടായ ദൃശ്യങ്ങളെ കൃത്യമായി അനുസ്മരിപ്പിച്ചു. യുക്രെയ്നിയൻ, റഷ്യൻ സൈനികർ തമ്മിൽ പലപ്പോഴും ഏതാനും നൂറു വാരകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചിലപ്പോഴൊക്കെ പരസ്പരം കാണാൻ കഴിയുന്നത്ര അടുത്ത്. ശത്രുവിനെ തളർത്താനായി ശക്തമായ പീരങ്കി ആക്രമണത്തോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചിരുന്നത്, അതിന് പിന്നാലെ കാൽനടപ്പടയാളികൾ ശത്രുവിന്റെ കിടങ്ങുകളിലേക്ക് ഇരച്ചുകയറും.

യുക്രെയ്നിൽ ഡ്രോണുകൾ എന്ന പുതിയ വിഭാഗം ആയുധങ്ങളുടെ വരവോടെ ആ കണക്കുകൂട്ടലുകൾ മാറി. ഡ്രോണുകൾ 24 മണിക്കൂറും യുദ്ധക്കളം നിരീക്ഷിക്കുകയും പീരങ്കി ഷെല്ലുകളേക്കാൾ കൃത്യതയോടെ ആക്രമിക്കുകയും ചെയ്തതോടെ തുറന്ന കിടങ്ങുകളുടെ ശൃംഖലകൾ സുരക്ഷിതമല്ലാതായി മാറി. വലിയ കിടങ്ങ് സംവിധാനങ്ങൾക്ക് പകരം, ഏതാനും സൈനികർക്ക് മാത്രം ഇരിക്കാനാകുന്ന ബങ്കറുകളിലാണ് സൈന്യം ഇപ്പോൾ അഭയം പ്രാപിക്കുന്നത്. ഇത്തരം ബങ്കറുകൾ ആകാശത്ത് നിന്ന് കണ്ടെത്താൻ ബുദ്ധിമുട്ടുള്ളത്ര ചെറുതും ആക്രമണങ്ങളെ പ്രതിരോധിക്കാൻ തക്ക ആഴമുള്ളതുമാണ്. 

ഡ്രോണുകളുടെ നിരന്തരമായ നിരീക്ഷണം കാരണം ഒരു നൂറ്റാണ്ട് മുമ്പ് കണ്ടതുപോലുള്ള വൻതോതിലുള്ള സൈനിക മുന്നേറ്റങ്ങൾ ഇപ്പോൾ അസാധ്യമായി തീർന്നിരിക്കുന്നു. യുദ്ധക്കളത്തിന്റെ സ്വഭാവം ഒരു നൂറ്റാണ്ട് മുമ്പത്തെപ്പോലെയല്ലെങ്കിലും, വിനാശത്തിന്റെ വ്യാപ്തി സമാനമായി തുടരുന്നു.യുദ്ധമുന്നണിക്ക് സമീപമുള്ള യുക്രെയ്നിയൻ കമാൻഡ് പോസ്റ്റുകളിൽ, നിരീക്ഷണ ഡ്രോണുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിന്റെ യുദ്ധഭൂമികളെ ഓർമിപ്പിക്കുന്നതാണ്. തകർന്നടിഞ്ഞ മരങ്ങൾ, നശിച്ച വീടുകൾ, ഷെൽ ആക്രമണങ്ങളാൽ കുഴികൾ വീണ പാടങ്ങൾ.

രണ്ട് യുദ്ധങ്ങളും തമ്മിലുള്ള സൈന്യത്തിന്റെ വലിപ്പത്തിലുള്ള വ്യത്യാസം കാരണം നാശനഷ്ടങ്ങൾ താരതമ്യം ചെയ്യുക പ്രയാസമാണ്. ഒരു നൂറ്റാണ്ട് മുമ്പ് യൂറോപ്പിലെ ഒന്നിലധികം മുന്നണികളിലേക്ക് ദശലക്ഷക്കണക്കിന് സൈനികരെയാണ് അയച്ചിരുന്നത്. ഇന്ന് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തിന്റെ എണ്ണം ലക്ഷങ്ങളാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം 9 മുതൽ 11 ദശലക്ഷം സൈനികർ മരിച്ചപ്പോൾ, യുക്രെയ്നിൽ ഇതുവരെ മരിച്ചത് അഞ്ച് ലക്ഷത്തോളം പേരാണ്. ഡ്രോണുകൾ യുക്രെയ്നിയൻ യുദ്ധക്കളത്തെ ഒന്നാം ലോകമഹായുദ്ധത്തിന് സമാനമായ രീതിയിൽ മാരകമാക്കിയിട്ടുണ്ടെന്ന് നാറ്റോയിലെ സുപ്രീം അലൈഡ് കമാൻഡർ ട്രാൻസ്ഫോർമേഷൻ പദവി വഹിക്കുന്ന അഡ്മിറൽ പിയറി വാൻഡിയർ ഉൾപ്പെടെയുള്ള സൈനിക വിശകലന വിദഗ്ദരും ഉദ്യോഗസ്ഥരും പറയുന്നു. 

യുക്രെയ്നിലെ പോരാട്ടം വളരെ കഠിനമായതിനാൽ, റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം ഒന്നാം ലോകമഹായുദ്ധത്തിലെ ഏറ്റവും കടുത്ത ചില യുദ്ധങ്ങളേക്കാൾ മന്ദഗതിയിലാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ, ശക്തമായ നാവിക ഉപരോധത്തിലൂടെ ജർമനിക്ക് മേൽ സാമ്പത്തിക സമ്മർദ്ദവും, ഒപ്പം കടുത്ത സൈനിക ആക്രമണങ്ങളും സംയോജിപ്പിച്ചാണ് സഖ്യകക്ഷികൾ വിജയം നേടിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള യുക്രെയ്ന്റെ തന്ത്രത്തിലും ഈ സമീപനത്തിന്റെ ചില പ്രതിഫലനങ്ങൾ കാണാം.

റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ നിക്ഷേപങ്ങൾക്ക് നേരെ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ  യുദ്ധത്തിനുള്ള ഫണ്ടിങ് തടയാൻ ലക്ഷ്യമിട്ടുള്ളതാണ്. ഒന്നാം ലോകമഹായുദ്ധത്തിലെപ്പോലെ വലിയ മുന്നേറ്റങ്ങൾ നടത്താനുള്ള മനുഷ്യവിഭവശേഷി യുക്രെയ്ന് ഇല്ലെങ്കിലും, റഷ്യൻ സൈന്യത്തിന് താങ്ങാനാകാത്ത നഷ്ടം വരുത്തിവെക്കുക എന്ന പ്രതീക്ഷയിൽ അവർ യുദ്ധക്കളത്തിൽ ചെറിയ അറ്റാക്ക് ഡ്രോണുകൾ നിറച്ചിരിക്കുകയാണ്.(ഡെക്കാൻ ഹെറാൾഡ് ലേഖനം).

Tags:    
News Summary - The war in Ukraine has surpassed World War I in length

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.