വെള്ളിയാഴ്ച പ്രചാരണപരിപാടിക്കിടെ ഷിൻസോ ആബെയുടെ പിന്നിൽ നിൽക്കുന്ന ആക്രമി
ടോക്യോ: ലോകത്തിലെ കർക്കശ തോക്ക് നിയമങ്ങളുള്ള ജപ്പാനെ ഞെട്ടിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലക്കേസിൽ പിടിയിലായയാൾ ആദ്യം മതസംഘടന നേതാവിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ആബെയുമായി ബന്ധമുണ്ടെന്ന് ആക്രമി കരുതുന്ന ഒരു പ്രത്യേക സംഘടന(മതവിഭാഗം)യോടുള്ള മുൻവൈരാഗ്യമാണ് അറസ്റ്റിലായ നാര നിവാസിയായ തെത്സുയ യമഗാമി (41)യെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
സ്വന്തം മാതാവ് വിശ്വസിച്ചിരുന്ന ആ മതവിഭാഗത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്നതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാതാവിന്റെ സാമ്പത്തിക തകർച്ചക്ക് കാരണക്കാരൻ ആബെയാണെന്നാണ് കരുതിയിരുന്നത്. മാതാവ് വിശ്വസിച്ചിരുന്ന മതവിഭാഗത്തെ ആബെ പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം വിശ്വസിച്ചു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനോട് യമഗാമി സമ്മതിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, മതനേതാവാരാണെന്നോ മതസംഘടനയേതെന്നോ വ്യക്തമല്ല.
പടിഞ്ഞാറൻ ജപ്പാനിലെ നാരയിൽ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ 67 കാരനായ ആബെക്ക് പിന്നിൽനിന്ന് വെടിയേൽക്കുകയായിരുന്നു. ജപ്പാന്റെ മുൻ നാവികസേനാംഗമായ ആക്രമിയെ സംഭവസ്ഥലത്തുനിന്ന് വെള്ളിയാഴ്ചതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. സ്വയം നിർമിച്ച തോക്കാണ് കൊലക്ക് ഉപയോഗിച്ചത്.
അതേസമയം, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പാണ് കൊലക്ക് പിന്നിലെന്ന ആരോപണം യമഗാമി നിഷേധിച്ചു. നാരയിലെ ആക്രമിയുടെ അപ്പാർട്ട്‌മെന്റിൽ വെള്ളിയാഴ്ച പൊലീസ് നടത്തിയ റെയ്ഡിൽ സ്‌ഫോടക വസ്തുക്കളും നാടൻ തോക്കുകളും കണ്ടെടുത്തതായി ദ ജപ്പാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. യമഗാമി ഓൺലൈനിലൂടെ വാങ്ങിയ ഘടകങ്ങൾ ഉപയോഗിച്ചാണ് ആയുധം നിർമിച്ചത്.
തോക്കിനെക്കുറിച്ച് പദ്ധതിയിടുന്നതിനുമുമ്പ് ബോംബ് ആക്രമണത്തിന് ചിന്തിച്ചിരുന്നു. സ്റ്റീൽ പൈപ്പുകൾ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞാണ് നിർമാണമെന്നാണ് പൊലീസിന് മൊഴി നൽകിയത്. മാസങ്ങളായി നാടൻ തോക്ക് ഉപയോഗിച്ച് ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കറുത്ത ടേപ്പ് കൊണ്ട് പൊതിഞ്ഞ 40 സെന്റീമീറ്റർ നീളമുള്ള തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ചെറിയ ഫ്ലാറ്റുകളുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് യമഗാമി താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ബാറുകളാണ്. ചെലവ് ലാഭിക്കുന്ന രൂപകൽപനയായതിനാൽ മൂന്ന് നിലകളിൽ വരെ മാത്രമാണ് ലിഫ്റ്റുള്ളത്. ലിഫ്റ്റിറങ്ങി പടികൾ കയറിയാണ് യമഗാമി തന്റെ ഫ്ലാറ്റിലേക്ക് പോകുന്നത്. ഒരു മാസമായി രാത്രി വൈകി പലതവണ താമസസ്ഥലത്തുനിന്ന് യന്ത്രവാളിന്റെ പോലെയുള്ള ശബ്ദമുയർന്നിരുന്നതായി ഫ്ലാറ്റിലെ അയൽവാസി ഓർമിക്കുന്നു.
നാരയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ച സ്ഥലത്തിനടുത്തുള്ള താൽക്കാലിക സ്മാരകത്തിൽ പ്രാർത്ഥിക്കുന്നവർ
2002 മുതൽ 2005 വരെ ഹിരോഷിമയിലെ കുറെ ബേസിൽ മാരിടൈം സെൽഫ് ഡിഫൻസ് ഓഫിസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുശേഷം ക്യോട്ടോയിലെ വെയർഹൗസിൽ 2020 അവസാനത്തോടെ കരാറടിസ്ഥാനത്തിൽ ഫോർക്ക് ലിഫ്റ്റ് ഓപറേറ്ററായി ചേർന്നു. സഹപ്രവർത്തകരുമായി അടുത്തിടപഴകാത്ത ശാന്തനായ വ്യക്തിയായിരുന്നുവെന്നാണ് സൂചന. എന്നാൽ, അവശതയെ തുടർന്ന് ജോലി വിടുകയാണെന്ന് ഈ വർഷം ഏപ്രിലിൽ കമ്പനിയോട് വ്യക്തമാക്കി മേയ് 15ന് ജോലി ഉപേക്ഷിക്കുകയായിരുന്നു.
ഷിൻസോ ആബെയുടെ മൃതദേഹവും വഹിച്ചുകൊണ്ട് കറുത്ത ശവവാഹനം ശനിയാഴ്ച ടോക്യോയിലെ ഉയർന്ന ജനവാസ മേഖലയായ ഷിബുയയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഭാര്യ അക്കിയും വാഹനത്തെ അനുഗമിച്ചിരുന്നു. വാഹനം കടന്നുപോകുമ്പോൾ നിരവധി ജപ്പാൻകാർ പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിൽപുണ്ടായിരുന്നു.
സുരക്ഷയിൽ ആശങ്ക
ഞായറാഴ്ച പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന കൊലപാതകം മുൻ പ്രധാനമന്ത്രിയുടെ സുരക്ഷയെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർത്തുന്നു. ഒരു മുൻ പ്രധാനമന്ത്രിക്ക് വേണ്ട സുരക്ഷ ആബെയുടെ പരിപാടിക്ക് ഉണ്ടായിരുന്നില്ലെന്ന് സംഭവദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായി മുൻ പൊലീസ് ഇൻവെസ്റ്റിഗേറ്ററായ ഫുമികാസു ഹിഗുച്ചി പറയുന്നു.
യമഗാമി സ്വതന്ത്രമായി നീങ്ങാനും ആബെയുടെ പുറകെ പിന്തുടരാനും കാരണമായ സുരക്ഷാവീഴ്ച അന്വേഷിക്കണമെന്ന് ഹിഗുച്ചി നിപ്പോൺ ടി.വി ടോക്ക് ഷോയിൽ പറഞ്ഞു. നാരയിലെ അദ്ദേഹത്തിന്റെ സന്ദർശനം തലേന്ന് തിടുക്കത്തിൽ ആസൂത്രണം ചെയ്തതിനാൽ പ്രചാരണ വാഹനത്തിലെ നിൽപ് ക്രമീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം.
ആബെയുടെ ഇടതുകൈയുടെ മുകൾ ഭാഗത്തുകൂടി തളച്ചുകടന്ന വെടിയുണ്ട രണ്ട് കോളർ എല്ലുകൾക്ക് താഴെയുള്ള ധമനികൾക്ക് തകരാറുണ്ടാക്കുകയും വൻ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്തതായി പോസ്റ്റ്‌മോർട്ടം ഫലങ്ങൾ തെളിയിക്കുന്നതായി പൊലീസ് ശനിയാഴ്ച വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ, ആക്രമി സ്വയം നിർമിച്ച തോക്ക് ചുമലിൽ താങ്ങി, തിരക്കേറിയ തെരുവിൽ ആബെക്ക് ഏതാനും മീറ്റർ പിന്നിൽ നിൽക്കുകയും തുടർച്ചയായി ചുറ്റും നോക്കുകയും ചെയ്യുന്നത് കാണാം.
ആബെ വേദിയിൽ എഴുന്നേറ്റുനിന്ന് പ്രസംഗം ആരംഭിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം യമഗാമി ആദ്യ വെടിയുതിർത്തെങ്കിലും ലക്ഷ്യംതെറ്റി. ശബ്ദംകേട്ട് ആബെ തിരിഞ്ഞപ്പോൾ രണ്ടാമത്തെ നിറയൊഴിച്ചു. അത് ഇടതുകൈയിൽ തട്ടി. പിന്നിൽ നിന്ന സുരക്ഷാ സേനാംഗം ഉയർത്തിയ ബുള്ളറ്റ് പ്രൂഫ് ബ്രീഫ്കേസിനും വെടിയുണ്ട തടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.