‘അവൾ പഠിക്കുകയായിരുന്നു, എവിടെ വെടിനിർത്തൽ?’: ഗസ്സയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ചോദിക്കുന്നു

ഗസ്സ സിറ്റി: ‘അവളെ തിരയാൻ ഞങ്ങൾ 15 മിനിറ്റിലധികം ചെലവഴിച്ചു. അവളുടെ കാലുകൾ ഒഴികെ മറ്റൊന്നും കാണാനായില്ല. അത് കണ്ടെത്തുന്നതുവരെ കുഴിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയാണ് വെടിനിർത്തൽ? ഞങ്ങൾ സാധാരണക്കാരാണ്, ഞങ്ങൾ മരിക്കുകയാണ്’ -ദേർ അൽ ബലായിലെ വീടിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കൗമാരക്കാരിയുടെ പിതാവ് മൃതദേഹം കണ്ടെത്തുന്നതിനായി ആഞ്ഞു കുഴിക്കുന്നതിടെ വിവരിച്ചു. ആക്രമണം നടക്കുമ്പോൾ തന്റെ മകൾ ഒരു മുറിയിൽ ഇരുന്നു പഠിക്കുകയായിരുന്നുവെന്ന് ഫലസ്തീൻകാരനായ റാഫത്ത് അബു സമ്ര പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം ഇസ്രായേൽ സൈന്യം ഇവിടെയുള്ള രണ്ട് വീടുകൾ ബോംബിട്ട് തകർത്തപ്പോൾ 16 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ ദിവസം മുനമ്പിലുടനീളമുള്ള ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടു. 

വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലഹിയയിലെ അബു തമ്മാം സ്കൂളുകൾക്ക് സമീപം ഇസ്രായേലി ഡ്രോൺ ബോംബ് വർഷിച്ചപ്പോൾ 10 വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു.  ഗുരുതരാവസ്ഥയിൽ ഒരു സിവിലിയൻ വാഹനത്തിൽ പെൺകുട്ടിയെ അൽ ഷിഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെ എത്തിയ ഉടൻ തന്നെ അവൾ മരിച്ചു. നേരത്തെ, ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു വയോധികയുടെ മരണവും മറ്റുള്ളവർക്ക് പരിക്കേറ്റതായും നാസർ മെഡിക്കൽ കോംപ്ലക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ ലംഘിച്ചും ഇസ്രായേൽ ഗസ്സയിൽ മാരക ആക്രമണം തുടരുന്നതായി ഹമാസ് പറഞ്ഞു. ഒക്ടോബർ 10ലെ കരാറിനുശേഷം നടത്തിയ ആക്രമണത്തിൽ 463 പേർ കൊല്ലപ്പെടുകയും 1,269 പലസ്തീനികൾ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 

ഗസ്സക്കു പുറത്തും ഇസ്രായേൽ ​ൈസന്യത്തിന്റെ അതിക്രമം തുടരുകയാണ്. റാമല്ലക്ക് സമീപം അൽ മുഗയ്യിർ ഗ്രാമത്തിൽ 14 വയസ്സുള്ള ഒരു ഫലസ്തീൻ ബാലൻ ഇസ്രായേലി വെടിവെപ്പിൽ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലി സൈന്യം ഗ്രാമത്തിൽ പ്രവേശിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടാവുകയും തുടർന്ന്ന് താമസക്കാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഹമ്മദ് സാദ് നസാൻ എന്ന ആൺകുട്ടിയുടെ പുറകിലും നെഞ്ചിലും വെടിയേറ്റു.

വെള്ളിയാഴ്ച പ്രാർത്ഥനക്കു ശേഷം അൽ മുഗയ്യിറിലെ പള്ളിയിൽ നിന്ന് പുറത്തിറങ്ങവെ സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ച് ഇസ്രായേൽ സൈന്യം വിശ്വാസികളെ ആക്രമിച്ചു.


Tags:    
News Summary - ‘She was studying, where is the ceasefire?’: Father of teenager killed in Gaza asks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.