പടിഞ്ഞാറൻ റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ പാലം തകർന്നതിനെ തുടർന്ന് പാസഞ്ചർ ട്രെയിൻ പാളം തെറ്റി
മോസ്കോ: റഷ്യയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി ഏഴ് മരണം. 30ലധികം പേർക്ക് പരിക്കേറ്റു. റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. മോസ്കോയിൽ നിന്ന് ക്ലിമോവിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. മേൽപാലം തകർന്ന് റെയിൽവേ പാളത്തിലേക്ക് വീണതാണ് അപകടകാരണം.
ഗതാഗത നിയന്ത്രണത്തിലെ നിയമവിരുദ്ധ ഇടപെടലാണ് തകർച്ചക്ക് കാരണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
തകര്‍ന്ന പാലത്തില്‍ നിന്നുള്ള കോണ്‍ഗ്രീറ്റിന് ഇടയില്‍ ട്രെയിനിന്റെ ബോഗികൾ പിളര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. പാലം തകരുന്നതിന് തൊട്ടുമുമ്പുള്ള മറ്റു ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും 180 ഓളം ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.