ഇസ്ലാമാബാദ്: ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് വടക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ പേഷവാറിലെ ആശുപത്രിയിൽ ഏഴ് കോവിഡ് രോഗികൾ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിതരണക്കാരൻ ഓക്സിജൻ എത്തിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് ഖൈബർ ടീച്ചിങ് ഹോസ്പിറ്റൽ വക്താവ് ഫർഹദ് ഖാൻ പറഞ്ഞു.
പേഷവാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണിത്. ഇവിടെ നിന്ന് 190 കിലോമീറ്റർ അകലെയുള്ള റാവൽപിണ്ടിയിൽ നിന്നുള്ള വിതരണക്കാരനാണ് ഇവിടെ ഓക്സിജൻ എത്തിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആശുപത്രിയുടെ ഡയറക്ടർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി തൈമൂർ ഖാൻ ഝഗ്ര പറഞ്ഞു. ഉത്തരവാദികൾക്കെതിരെ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കും. സംഭവം സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനിടെ 58 പേരാണ് പാകിസ്താനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 8,361 പേർ മരിക്കുകയും 4,16,500പേർ രോഗബാധിതരാകുകയും ചെയ്തിട്ടുണ്ട്. പരിശോധന നിരക്ക് കുറവായതിനാൽ ശരിക്കുള്ള കണക്ക് ഇതിലും വളരെ കൂടുതൽ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.