ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു: ഒരു മരണം; 65 വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കടിയിൽ

ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ഒരു വിദ്യാർഥി മരിച്ചു. 100റോളം പേർക്ക് പരിക്കേറ്റു. 65 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി കരുതുന്നു. അപകടം നടന്ന് 12റോളം മണിക്കൂറായി കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്സിജനും വെള്ളവും എത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. 

കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അൽ ഖോസിനി ഇസ്‍ലാമിക് ബോർഡിങ് സ്കൂളിലെ കെട്ടിടം വിദ്യാർഥികൾ പ്രാർഥനയിലിരിക്കെയാണ് തകർന്നുവീണത്. കൂറ്റൻ  സ്ളാബ് നിലം പൊത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി മുഴുവൻ ശ്രമിച്ച് രക്ഷാപ്രവർത്തകരും പൊലീസും സൈന്യവും ചേർന്ന് പരിക്കേറ്റ എട്ടു പേരെ പുറത്തെടുത്തു.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. തകർന്ന കെട്ടിടത്തിന് സമീപവും ആശുപത്രികളിലും ഒത്തുകൂടിയ വിദ്യാർഥികളുടെ കുടുംബങ്ങൾ കുട്ടികളെക്കുറിച്ചുള്ള വാർത്തകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചയാണ്. പരിക്കേറ്റ ഒരു വിദ്യാർഥിയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത് കണ്ട് ബന്ധുക്കൾ വാവിട്ടു കരഞ്ഞു.

കാണാതായ വിദ്യാർഥികളിൽ ഭൂരിഭാഗവും ഏഴ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന 12 നും 17 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്. കുട്ടികളുടെ പേരുകൾ ബോഡിൽ എഴുതിയിരുന്നു. ബോർഡിൽ സ്വന്തം മക്കളുടെ പേരുകൾ കണ്ട മാതാപിതാക്കളുടെ നിലവിളികളാൽ മുഖരിതമാണ് അന്തരീക്ഷം. ‘സർ ദയവായി എന്റെ കുട്ടിയെ ഉടൻ കണ്ടെത്തൂ’ എന്ന് രക്ഷാപ്രവർത്തകരിൽ ഒരാളുടെ കൈ പിടിച്ചുകൊണ്ട് ഒരു പിതാവ് നിലവിളിച്ചു.

കോൺക്രീറ്റ് സ്ലാബുകളുടെയും മറ്റ് അവശിഷ്ടങ്ങളുടെയും ഭാഗങ്ങൾ രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ഉദ്യോഗസ്ഥനായ നാനാങ് സിഗിറ്റ് പറഞ്ഞു. വലിയ ഉപകരണങ്ങൾ ലഭ്യമായിരുന്നുവെങ്കിലും കൂടുതൽ തകർച്ചക്ക് കാരണമാകുമെന്ന ആശങ്ക കാരണം അവ ഉപയോഗിച്ചിരുന്നില്ല.

 ‘അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്സിജനും വെള്ളവും എത്തിച്ച് ജീവൻ നിലനിർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അതേസമയം, അവരെ പുറത്തെടുക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു’വെന്നും സിഗിറ്റ് പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇപ്പോഴും ജീവനോടെയുള്ളവരെ രക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

നൂറുകണക്കിന് രക്ഷാപ്രവർത്തകർ ഈ ശ്രമത്തിൽ പങ്കാളികളാണ്. അപകടം നടന്ന കെട്ടിടം അനധികൃതമായി വികസിപ്പിച്ചതാണെന്നും  ഉച്ചകഴിഞ്ഞുള്ള പ്രാർഥനകൾ നടത്തിക്കൊണ്ടിരുന്ന വിദ്യാർഥികളുടെ മുകളിലേക്ക് പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു എന്നും പ്രവിശ്യാ പൊലീസ് വക്താവ് പറഞ്ഞു.

 കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാർഥിക്കുകയായിരുന്ന പെൺകുട്ടികൾ രക്ഷപ്പെട്ടു. 13 വയസ്സുള്ള ഒരു ആൺകുട്ടി ജീവൻവെടിയുകയും 99 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തകർച്ചയുടെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. പഴയ പ്രാർഥനാ ഹാൾ രണ്ട് നിലകളാണെന്നും എന്നാൽ, അനുമതിയില്ലാതെ രണ്ടെണ്ണം കൂടി കൂട്ടിച്ചേർക്കുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു. പഴയ കെട്ടിടത്തിന്റെ അടിത്തറക്ക് പുതയ കോൺക്രീറ്റ് ഘടനയെ താങ്ങാൻ കഴിയാത്തതിനാലാവാം തകരാൻ കാരണമെന്നാണ് നിഗനം. 

Tags:    
News Summary - School building collapses in Indonesia: One dead, 65 students trapped under rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.