വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ

ന്യൂയോർക്ക്: യമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന കേരള കേന്ദ്ര സര്‍ക്കാറുകളോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പി.എം.എഫ് ആവശ്യപ്പെട്ടു .

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ, യമനില്‍ ക്ലിനിക് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തദ്ദേശീയനായ യുവാവിന്‍റെ മരണമാണ് വധ ശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. യുദ്ധ സാഹചര്യമായതിനാൽ എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതി വിഷേഷമായിരുന്നു. യമന്‍ തലസ്ഥാനമായ സൻആയിൽ എംബസി പ്രവർത്തന രഹിതമായിരുന്നു. താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു.

ഇതോടെ വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്‌തു. സാമ്പത്തികമായി വളരെ കഷ്ടപെട്ട കടുംബമായതിനാൽ കേസുമായി മുന്നോട്ട് പോകാൻ പറ്റിയിരുന്നില്ല. ഒരു ലക്ഷം ഡോളർ ബ്ലഡ് മണി കൊല്ലപ്പെട്ട യമനി സഹോദര​െൻറ ബന്ധുക്കൾക്ക് കൊടുത്ത്​ മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ നിന്നും മോചിതയാവാൻ സാധ്യത ഉണ്ട്​. മൂന്ന്​ വർഷമായി തടവിൽ കഴിയുന്ന നിമിഷക്ക് ഈ കഴിഞ്ഞ ആഗസ്ത് 18 നാണ് യമൻ കോടതി വധശിക്ഷ വിധിച്ചത്.

പ്രായമായ അമ്മയും ഭര്‍ത്താവും ഏഴുവയസ്സുള്ള പെണ്‍കുട്ടിയും ആണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് ഒരു ആക്‌ഷൻ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക കേന്ദ്ര വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ബഹുജന സമ്മര്‍ദ്ദം ഉയര്‍ത്തുവാന്‍ മുഴുവന്‍ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കുന്നതായി പി.എം.എഫ് ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലീം ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ ​കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ  സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.