മോസ്കോ: യുക്രെയ്ൻ അതിർത്തിയിൽ റഷ്യ കൂടുതൽ ഹെലികോപ്ടറുകൾ വിന്യസിച്ചെന്ന് റിപ്പോർട്ട്. ഇതിന്‍റെ ഏറ്റവും പുതിയ സാറ്റ്ലൈറ്റ് ചിത്രങ്ങൾ മാക്സാർ ടെക്നോളജി പുറത്ത് വിട്ടു. പുതിയ ഹെലികോപ്ടർ യൂനിറ്റും ടാങ്കുകളും ആയുധാരികളായ സൈനികരും ഉൾപ്പെടുന്ന പുതിയ യുദ്ധസംഘത്തേയും റഷ്യ വിന്യസിച്ചുവെന്നാണ് സൂചനകൾ. മിലേറോവ് എയർഫീൽഡിലാണ് സൈനിക വിന്യാസം. യുക്രെയ്ൻ അതിർത്തിയിൽ നിന്നും 16 കിലോ മീറ്റർ മാത്രം അകലെയാണ് റഷ്യയുടെ ഈ സൈനിക കേന്ദ്രം.
20ഓളം ഹെലികോപ്ടറുകൾ ഉൾപ്പെടുന്ന മറ്റൊരു യൂനിറ്റ് വാലുകിയിലും റഷ്യ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ നിന്നും 27 കിലോ മീറ്റർ അകലെയാണ് ഈ സൈനികതാവളം. നേരത്തെ ബെൽഗെറോഡിലും റഷ്യ ഹെലികോപ്ടറുകൾ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സ്ഥലങ്ങളിലും റഷ്യ സൈനിക വിന്യാസം ശക്തമാക്കുന്നത്.
അതേസമയം, റഷ്യൻ സൈന്യത്തിന്‍റെ പകുതിയും യുക്രെയ്ൻ അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് യു.എസ് വിലയിരുത്തൽ. ഇവർ ആക്രമിക്കാൻ സജ്ജരായാണ് അതിർത്തിയിൽ തുടരുന്നത്. ഇപ്പോഴും അതിർത്തിയിലേക്ക് റഷ്യയുടെ സൈനിക വിന്യാസം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടയിൽ റഷ്യൻ സൈന്യത്തിന്‍റെ 50 ശതമാനവും അതിർത്തിയിലെത്തിയെന്ന് യു.എസ് പ്രതിരോധ വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ, യു.എസ് വാദങ്ങളെ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. യു.എസ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.