അമേരിക്കൻ പൈലറ്റിന്‍റെ റേഡിയോ സന്ദേശം: ‘കെണിയിൽ വീഴ്ത്താനുള്ള ഇറാന്‍റെ തന്ത്രമെന്ന് തെറ്റിദ്ധരിച്ചു’

വാഷിംങ്ടൺ: ഇറാൻ വെടിവെച്ചിട്ട എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റ് അയച്ച അസാധാരണ റേഡിയോ സന്ദേശം അമേരിക്കൻ ഭരണകൂടത്തെ മുൾമുനയിൽ നിർത്തി. വിമാനം തകർന്നതിന് പിന്നാലെ പൈലറ്റിൽ നിന്ന് ലഭിച്ച സന്ദേശം ഒരു മുസ്‍ലിം വിശ്വാസി പറയുന്നതിന് സമാനമായ ഒന്നായിരുന്നുവെന്നും ഇത് തങ്ങളെ കെണിയിൽ വീഴ്ത്താനുള്ള ഇറാന്റെ തന്ത്രമാണോ എന്ന് ഭയപ്പെട്ടതായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. 'ദൈവം വലിയവൻ' എന്നായിരുന്നു പൈലറ്റ് റേഡിയോയിലൂടെ അറിയിച്ചത്.

ഈ സന്ദേശം ലഭിച്ചയുടൻ വാഷിംങ്ടണിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വലിയ ആശങ്കയുണ്ടായി. പൈലറ്റിനെ ഇറാൻ പിടികൂടിയെന്നും സൈന്യത്തെ അങ്ങോട്ടേക്ക് ആകർഷിക്കാനായി ശത്രുപക്ഷം നൽകുന്ന വ്യാജ സന്ദേശമാണിതെന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൈലറ്റ് തീവ്രമായ മതവിശ്വാസിയാണെന്ന് സഹപ്രവർത്തകർ സ്ഥിരീകരിച്ചതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. പൈലറ്റ് സുരക്ഷിതനാണെന്നും ശത്രുവിന്റെ പിടിയിലായിട്ടില്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് പെന്റഗൺ രക്ഷാദൗത്യത്തിന് പച്ചക്കൊടി കാട്ടിയത്.

തെഹ്‌റാന് തെക്ക് ഭാഗത്തുള്ള ദുർഘടമായ മലനിരകളിൽ പരിക്കേറ്റ നിലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൈലറ്റിനെ അതീവ രഹസ്യമായാണ് പ്രത്യേക സൈന്യം മോചിപ്പിച്ചത്. ഇറാന്റെ കണ്ണുവെട്ടിക്കാൻ സി.ഐ.എ നടത്തിയ തന്ത്രപരമായ നീക്കങ്ങളും ദൗത്യത്തിന് തുണയായി. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. പൈലറ്റിന്റെ സന്ദേശം സൃഷ്ടിച്ച ആശയക്കുഴപ്പം ദൗത്യം വൈകാൻ കാരണമായെങ്കിലും പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് യു.എസ് വിലയിരുത്തുന്നത്.

Tags:    
News Summary - American pilot's radio message: Is it an Iranian tactic to lure them into a trap?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.