ട്രംപിന്റെ വിഭ്രാന്തികൾക്കിടെ വെടിനിർത്തൽ നീക്കം സജീവം; ഇറാൻ തിരിച്ചടിയിൽ ഇസ്രായേലിൽ നാലു മരണം

വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരെ താൻ പുറപ്പെടുവിക്കുന്ന ഭീഷണികളുടെ തടവിൽ സ്വയം അകപ്പെട്ട യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഭ്രാന്തികൾക്കിടെ, ലോകത്തെ നിശ്ചലമാക്കിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമം ഉടനെന്ന് സൂചന. ഫെബ്രുവരി 28ന് ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ ഇറാനെതിരെ യു.എസും ഇസ്രായേലും തുടങ്ങിവെച്ച യുദ്ധത്തിന് 45 ദിവസത്തെ വെടിനിർത്തലിനായി പാകിസ്താൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ പുരോഗതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ നിർദേശങ്ങളടങ്ങിയ രേഖ കൈപ്പറ്റിയതായി ഇറാൻ വിദേശകാര്യ മന്ത്രാലവും സ്ഥിരീകരിച്ചു. അതേസമയം, ഇറാനെതിരായ വ്യോമാക്രമണം ഇസ്രായേലും അമേരിക്കയും തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ നാല് പേർ കൊല്ലപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ ഹുർമുസ് തുറന്നില്ലെങ്കിൽ ഇറാനിൽ നരകം തീർക്കുമെന്ന്, അസഭ്യവർഷങ്ങളോടെ ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ്, ഇറാൻ പേടിക്കുന്നില്ലെന്ന് കണ്ടതോടെ സമയം കുറച്ചുകൂടി നീട്ടുന്നതാണ് ഇന്നലെ കണ്ടത്. ഈ സമയവും അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ട്രംപിന്റെതന്നെ താൽപര്യത്തിലാണ് താൽക്കാലിക വെടിനിർത്തൽ ചർച്ച സജീവമായിരിക്കുന്നത്.

ഏപ്രിൽ ഏഴിന് സമയം അവസാനിക്കും. 45 ദിവസത്തേക്ക് വെടിനിർത്തുകയും മൂന്നാഴ്ചക്കുള്ളിൽ സമഗ്രമായ സമാധാന കരാറിന് രൂപം നൽകുകയുമാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ധാരണ. എന്നാൽ, യു.എസിന്റെ മാത്രം താൽപര്യങ്ങൾക്കനുസരിച്ചുള്ള കരാറിന് വഴങ്ങില്ലെന്നും ഹുർമുസിന്റെ നിയന്ത്രണം വിട്ടുനൽകില്ലെന്നും ഇറാൻ വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് നേരത്തെ ട്രംപ് സമർപ്പിച്ച 15 ഇന നിർദേശങ്ങൾ തള്ളിയതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായ് പറഞ്ഞു. തിങ്കളാഴ്ച ഇറാനിൽ 40ഓളം സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇറാന്റെ ബൂഷഹർ ആണവനിലയവും സൗത് പാർ എണ്ണ ശുദ്ധീകരണശാലയും ആക്രമിക്കപ്പെട്ടു.

‘സമാധാന ചർച്ചകളോട്’ തന്ത്രപരമായ സമീപനം

തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും നിലപാട് കടുപ്പിച്ച് ഇറാൻ. ഹുർമുസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് വെടിനിർത്തലിന് ഇല്ലെന്നാണ് ഇതുസംബന്ധിച്ച വാർത്തകളോട് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താൽക്കാലിക വെടിനിർത്തൽ എന്ന പരിഹാരം മതിയാകില്ലെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന ‘മോശമായ അനുഭവങ്ങളുടെ’ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു.

സമാധാന ചർച്ചകളോട് ജാഗ്രതയോടെയാണ് തുടക്കം മുതൽ ഇറാന്റെ പ്രതികരണം. നേരത്തേ, വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുവെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചപ്പോൾ നേരിട്ടുള്ള ചർച്ചകൾ നടന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. പിന്നീട് നടന്ന സംഭവങ്ങൾ ഇറാന്റെ വാദം ശരിയെന്ന് തെളിയിച്ചു. പിന്നീട്, വെടിനിർത്തലിന് 15 ഇന നിർദേശങ്ങൾ ട്രംപ് മുന്നോട്ടുവെച്ചപ്പോഴും ഇതേ ജാഗ്രത പ്രകടമായി. വിശ്വാസ വഞ്ചന കാണിച്ച യു.എസുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ട്. എന്നാൽ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പുരോഗമിക്കുന്ന ചർച്ചകളോട് ഇറാൻ സഹകരിക്കുന്നുമുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞദിവസം, പാക് സൈനിക മേധാവി അസിം മുനീറുമായി ഒരു മണിക്കൂറിലധികം നേരം സംഭാഷണം നടത്താൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ഷി തയാറായത്. എന്നാൽ, തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും അരാഗ്ഷി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഹുർമുസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമേ നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്ന്‌ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലിയുടെ പ്രസ്താവനയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സുസ്ഥിരമായ സമാധാനം ഉറപ്പാക്കാത്ത ഹ്രസ്വകാല ക്രമീകരണങ്ങളോട് ഇറാൻ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് ഫതാലി പറഞ്ഞു. അതേസമയം, ഹുർമുസിന്റെ നിയന്ത്രണം ഇറാൻതന്നെ തുടരുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിട്ടുള്ള വെടിനിർത്തൽ ചർച്ചകളുടെ ഫലശ്രുതിയെന്താകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.

Tags:    
News Summary - Ceasefire movement active; Four killed in Israel in Iranian retaliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.