ബൈറൂത്: ഇസ്രായേൽ സൈന്യത്തിന്റെ കരവഴിയുള്ള അധിനിവേശത്തിൽ തകർന്നടിഞ്ഞ് ലബനാനിലെ പട്ടണങ്ങൾ. തെക്കൻ ലബനാനിൽ ആക്രമണങ്ങൾ പുനരാരംഭിച്ചതിനൊപ്പം സംഘർഷത്തിൽ നിന്ന് വളരെ അകലെയായിരുന്ന, തലസ്ഥാനത്തിന് ചുറ്റുമുള്ള സംരക്ഷിത പ്രദേശങ്ങൾക്കുനേരെയും അധിനിവേശ സേന ആക്രമണങ്ങൾ കടുപ്പിച്ചു.
തെക്കൻ പട്ടണമായ കഫാർ റമ്മാനിൽ കാറിനു നേർക്കുണ്ടായ ആക്രമണത്തിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടു. ജബൽ അമൽ മേഖലയിൽ അർസൂൺ, ജൗയ, ഹദത്ത, ജെമൈജ്മെ, ദ്ബെയ്ബിൻ, ഹാരിസ് എന്നീ പട്ടണങ്ങളിൽ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ നടന്നതായി ലബനാൻ സർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നബാതിഹ് അൽ ഫൗഖയിലെ ഘണ്ടൂർ ആശുപത്രിക്കുസമീപം ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
തെക്കൻ ലബനാനിലെ പാലങ്ങർ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് പ്രദേശത്തെ വിച്ഛേദിക്കാനാണിത്. മാർച്ച് 16ന് ഇസ്രായേൽ സൈന്യം ആരംഭിച്ച കടുത്ത കരയാക്രമണം വലിയ ആശങ്കയാണ് ഉയർത്തുന്നത്. നിരവധി വീടുകൾ തകർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച ഇസ്രായേൽ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇവിടത്തെ ലിതാനി നദിയുടെ തെക്കു ഭാഗത്തുള്ള പ്രദേശം തീർത്തും ഒറ്റപ്പെട്ടതായി ലബനാൻ ക്രൈസിസ് അനാലിസിസ് ടീമിന്റെ തലവൻ ഏലി യാക്കൂബ് പറഞ്ഞു. പ്രധാന പാലങ്ങളുടെയും ഗതാഗത മാർഗങ്ങളുടെയും നാശം ഒന്നര ലക്ഷത്തോളം പേരെയെങ്കിലും മാനുഷിക സഹായം ലഭിക്കാത്തവിധം ഒറ്റപ്പെടുത്തി. ഈ വർഷം മാർച്ച് രണ്ടുമുതലാണ് ലബനാനിലെ ഹിസ്ബുല്ലയുമായി ഇപ്പോൾ നടന്നുവരുന്ന യുദ്ധത്തിന് ഇസ്രായേൽ തുടക്കമിട്ടത്. അന്നുമുതൽ സാധാരണക്കാരും സൈനികരും അടക്കം 1400ലേറെ പേർ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും പുറത്താക്കപ്പെട്ടവർ.
വൻതോതിലുള്ള മാനുഷിക പ്രതിസന്ധിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 2024 നവംബർ മുതൽ വന്ന ഔദ്യോഗിക വെടിനിർത്തൽ മുഖവിലക്കെടുക്കാതെ ഇസ്രായേൽ ഓരോ ദിവസവും ലബനാനുനേർക്ക് ആക്രമണം നടത്തുന്നു. ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല ഖാംനഈയെ കൊലപ്പെടുത്തിയതോടെ പ്രതികാര നടപടിയായി ഇസ്രായേലിനുനേരെ ഹിസ്ബുല്ലയും തിരിച്ചടിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്രായേലിലേക്ക് 1800 റോക്കറ്റുകളാണ് അയച്ചത്. തൊട്ടുപിന്നാലെ ലബനാനിലുടനീളം ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം ആഴത്തിൽ ബാധിച്ച രാജ്യങ്ങളിലൊന്നായി ലബനാൻ മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.