തെഹ്റാൻ: ഒരാഴ്ച മുമ്പ് യു.എസ് ബി-2 ബോംബറുകൾ ആക്രമിച്ച ഇറാന്റെ ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സമീപത്താണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മാക്‌സർ ടെക്‌നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞയാഴ്ച ഫോർദോ സമുച്ചയത്തിൽ നടന്ന വ്യോമാക്രമണങ്ങൾ മൂലമുണ്ടായ വെന്റിലേഷൻ ഷാഫ്റ്റുകളിലും സമീപത്തും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇത് തെളിയിക്കുന്നു. ഭൂഗർഭ സമുച്ചയത്തിന് മുകളിലുള്ള വടക്കൻ ഷാഫ്റ്റിന് തൊട്ടടുത്തായി മണ്ണുമാന്തി യന്ത്രവും നിരവധി ജീവനക്കാരും ഉണ്ട്. ഷാഫ്റ്റിന്റെ പ്രവേശന കവാടത്തിൽ ക്രെയിൻ പ്രവർത്തിക്കുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാൻ നിർമ്മിച്ച റോഡിൽ നിരവധി വാഹനങ്ങളും ഉണ്ട് -എന്ന് ചിത്രങ്ങൾ പുറത്തുവിട്ട് മാക്‌സർ ടെക്‌നോളജീസ് അറിയിച്ചു.
ഇറാനിലെ ആണവനിലയങ്ങളിൽ ഒരു ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിച്ചതായി അമേരിക്ക അവകാശപ്പെട്ടിരുന്നത്. നിലയങ്ങൾ പൂർണമായി തകർത്തെന്നും അവിടെ പാറക്കൂമ്പാരം മാത്രമേ ബാക്കിയുള്ളൂവെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ, കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് നേരത്തെ മുതൽ ഇറാൻ അവകാശപ്പെട്ടിരുന്നു. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമായെങ്കിലും സമ്പൂർണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ആണവ നിർവ്യാപന കരാർ പാലിച്ച് സമാധാനപരമായ ആവശ്യങ്ങൾക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ ആമിർ സഈദ് ഇറാവാനി ഇന്നലെയാണ് വ്യക്തമാക്കിയത്. .സമ്പുഷ്ടീകരണം ഞങ്ങളുടെ അവകാശമാണ്. ഒഴിച്ചുകൂടാനാവാത്ത അവകാശം. അത് നടപ്പാക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം -എന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.