പീറ്റ് ഹെഗ്സെത്ത്

‘ഇത് ഇറാഖല്ല’: ഇറാനിലെ സൈനിക നടപടി ഭരണമാറ്റത്തിന് വേണ്ടിയല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: ഇറാനിൽ അമേരിക്ക നടത്തിവരുന്ന സൈനിക നീക്കങ്ങൾ മുൻകാലങ്ങളിലെ ഇറാഖ് യുദ്ധം പോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒന്നല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യു.എസ് മറ്റൊരു ഇറാഖ് മോഡൽ യുദ്ധത്തിലേക്കല്ല കടക്കുന്നതെന്നും, മറിച്ച് തെഹ്‌റാനിന്റെ സൈനിക ശക്തിയെയും ആണവ മോഹങ്ങളെയും തകർക്കാനുള്ള നിർണായകമായ നീക്കമാണിതെന്നും ഹെഗ്സെത്ത് പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്.

ഇറാന്റെ മിസൈലുകൾ, ഡ്രോണുകൾ, നാവികസേന, ആണവ പദ്ധതികൾ എന്നിവയെ തകർക്കുക എന്നതാണ് ഈ ഓപറേഷന്റെ ലക്ഷ്യം. ഒരു രാജ്യം പിടിച്ചടക്കാനോ അവിടെ പുതിയൊരു ഭരണകൂടം കെട്ടിപ്പടുക്കാനോ അമേരിക്ക ഉദ്ദേശിക്കുന്നില്ല. വളരെ കൃത്യമായും അതിശക്തമായും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ആക്രമണം നടത്തുന്നതെന്നും ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ആണവ പ്രവർത്തനങ്ങളും ആഗോള കപ്പൽ ഗതാഗതത്തിന് അവർ ഉയർത്തുന്ന ഭീഷണിയും വർധിച്ചുവരുന്ന മിസൈൽ-ഡ്രോൺ ശേഖരവും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ സേന മേഖലയിൽ ഇടപെടുന്നത്. ഇറാനെ മുൻകൂട്ടി ആക്രമിക്കാൻ തക്കതായ പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പെന്റഗൺ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും, ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ നീക്കം. ഇറാന്റെ സൈനിക-ആണവ നിലയങ്ങളെ ലക്ഷ്യംവെച്ചുള്ള വേഗത്തിലുള്ളതും ശക്തവുമായ സൈനിക നടപടിയാണിതെന്നും, മേഖലയിൽ ദീർഘകാലം തങ്ങാനുള്ള പദ്ധതിയല്ലെന്നുമാണ് ട്രംപ് ഭരണകൂടം നൽകുന്ന സന്ദേശം.

എന്നാൽ യു.എസ് സംഘർഷത്തിൽ ഇടപെട്ടത് ഇറാന്‍റെ എണ്ണ ശേഖരം സ്വന്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. വെനിസ്വേലയിലേതിനു സമാനമായി ഭരണം അട്ടിമറിച്ച് തങ്ങൾക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും, ആഗോള എണ്ണ ശേഖരത്തിന്‍റെ 11 ശതമാനത്തോളമുള്ള ഇറാനിലെ എണ്ണപ്പാടങ്ങൾ വരുതിയിലാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് അമേരിക്കക്കുള്ളത്. യുദ്ധം നാലാഴ്ചയോളം നീണ്ടുനിന്നേക്കുമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതോടെ മേഖലയിലെ സ്ഥിതി വീണ്ടും വഷളായേക്കുമെന്നും വിലയിരുത്തലുണ്ട്.

Tags:    
News Summary - This isn't Iraq: US says Iran op not an endless war or for regime change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.