നമീബിയയുടെ ആദ്യ പ്രസിഡന്‍റ് സാം നുയോമ അന്തരിച്ചു

വിൻഡ്‌ഹോക്ക്: നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നുയോമ അന്തരിച്ചു. 95 വയസ്സായിരുന്നു. 1990-ൽ വർണവിവേചന ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും 15 വർഷക്കാലം പ്രസിഡന്‍റായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് സാം നുയോമ.

നിലവിലെ നമീബിയൻ പ്രസിഡന്‍റ് നംഗോലോ എംബുംബയാണ് നുയോമയുടെ മരണവിവരം പുറത്തുവിട്ടത്. തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നുയോമ ശനിയാഴ്ച രാത്രി മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ഓഫ് നമീബിയയുടെ അടിത്തറ ഇളകിയെന്നാണ് എംബുംബ പ്രസ്താവനയിൽ പറഞ്ഞത്.

"കഴിഞ്ഞ മൂന്നാഴ്ചക്കിടെ, റിപ്പബ്ലിക് ഓഫ് നമീബിയയുടെ സ്ഥാപക പ്രസിഡന്‍റ് അനാരോഗ്യം കാരണം ചികിത്സക്കും മെഡിക്കൽ നിരീക്ഷണത്തിനുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നിർഭാഗ്യവശാൽ, ഇത്തവണ, നമ്മുടെ നാട്ടിന്‍റെ ഏറ്റവും ധീരനായ മകന് രോഗത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല” -എംബുംബ പറഞ്ഞു.

ജർമ്മനിയുടെ നീണ്ട കൊളോണിയൽ ഭരണത്തിനും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തിനും ശേഷം തന്റെ രാജ്യത്തെ ജനാധിപത്യത്തിലേക്കും സ്ഥിരതയിലേക്കും നയിച്ച നുയോമ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷന്റെ സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല, സിംബാബ്‌വെയുടെ റോബർട്ട് മുഗാബെ, സാംബിയയുടെ കെന്നത്ത് കൗണ്ട, ടാൻസാനിയയിലെ ജൂലിയസ് നൈരെരെ, മൊസാംബിക്കിലെ സമോറ മച്ചൽ എന്നിവരടങ്ങുന്ന, കൊളോണിയൽ ഭരണത്തിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളെ മോചിപ്പിച്ച ആഫ്രിക്കൻ നേതാക്കളിൽ അവസാനത്തെ ആളാണ് നുയോമ.

Tags:    
News Summary - Sam Nujoma, fiery freedom fighter who led Namibia to independence, dies aged 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.