ഹാദി മാതർ
ന്യൂയോർക്ക്: ഇന്ത്യൻ എഴുത്തുകാരൻ സൽമാർ റുഷ്‍ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മാതർ കുറ്റക്കാരനെന്ന് കണ്ടെത്തി ന്യൂയോർക്ക് കോടതി. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ ഹാദി മാതർക്ക് 32 വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. കൊലപാതകശ്രമത്തിനാണ് 27കാരനായ ഹാദിക്കെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയത്.
2022 ആഗസ്റ്റ് 22ന് ന്യൂയോർക്കിൽവെച്ചുനടന്ന ഒരു സാഹിത്യപരിപാടിക്കിടെയാണ് ഹാദി മാതർ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 തവണയാണ് അക്രമി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി.
ആക്രമണത്തിൽ നിന്ന് സൽമാൻ റുഷ്ദി രക്ഷപ്പെടുമെന്ന് താൻ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നുവെന്ന് ഹാദി മാതർ സമ്മതിച്ചിരുന്നു. അദ്ദേഹം രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോൾ ആശ്ചര്യപ്പെട്ടു പോയെന്നും ഹാദി വ്യക്തമാക്കി. വധശ്രമവുമായി ബന്ധപ്പെട്ട് റുഷ്ദി ‘നൈഫ്: മെഡിറ്റേഷൻസ് ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ’ എന്നപേരിൽ ഓർമപ്പുസ്തകം എഴുതിയിരുന്നു.
1988ൽ എഴുതിയ സാത്താനിക് വേഴ്സസ് നോവലിനെ തുടർന്ന് ഇറാൻ റുഷ്ദിക്കെതിരെ ഫത്‍വ പുറപ്പെടുവിച്ചിരുന്നു. ഈ പുസ്തകത്തിലെ ഏതാനും പേജുകൾ വായിച്ചതായും ഹാരി മാതർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.