കിയവിന്റെ വടക്ക്പടിഞ്ഞാറൻ നഗരമായ ഇർപിനിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാലം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിലൂടെ സ്​ത്രീ രക്ഷപ്പെടാൻ സഹായിക്കുന്ന യുക്രെയ്ൻ സൈനികർ

റഷ്യയുടെ ലക്ഷ്യം സെലൻസ്കിയും കിയവും

കിയവ്: അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ആത്യന്തിക ലക്ഷ്യം തലസ്ഥാനമായ കിയവും പ്രസിഡന്റ് സെലൻസ്കിയും. സെലൻസ്കിയെ കണ്ടെത്തി കൊലപ്പെടുത്താൻ രഹസ്യ കമാൻഡോ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൈക്കൂലി നൽകിയോ ഭീഷണിപ്പെടുത്തിയോ മറ്റ് വിശ്വാസവഞ്ചനകളിലൂടെയോ പ്രസിഡന്റിന്റെ വൃത്തത്തിൽ അടുപ്പമുണ്ടാക്കാൻ മാസങ്ങളായി ചാരന്മാർ പ്രവർത്തിക്കുകയാണ്. ഇത് വിജയിച്ചിട്ടില്ല. പ്രത്യേകസേനയും ചാരന്മാരും ഇലക്ട്രോണിക് വിദ്യകളും പരാജയമടഞ്ഞാൽ എല്ലാ ഒളിയിടങ്ങളും നശിപ്പിച്ച് വിജയിക്കാനാകും റഷ്യൻ വ്യോമസേനയും പീരങ്കികളും ശ്രമിക്കുക.

കിയവ് നഗരത്തെ യുക്രെയ്ൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ കേന്ദ്രമായാണ് റഷ്യൻ കമാൻഡർമാർ കണക്കാക്കുന്നത്. യുക്രെയ്ൻ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ തകർത്ത് യുക്രെയ്ൻ സൈനിക കമാൻഡിനെ വരുതിയിലാക്കാമെന്നാണ് കണക്കുകൂട്ടൽ. ഈ കെട്ടിടങ്ങളിലെ ആളൊഴിഞ്ഞുപോകുമെന്ന് കരുതിയാണ് യുദ്ധത്തിന്റെ തുടക്കത്തിൽ ഇവ ആക്രമിക്കാത്തത്.

നേതൃത്വം നൽകാനും പ്രോത്സാഹനത്തിനുമുള്ള സർക്കാറിന്റെ കഴിവ് ഇല്ലാതാക്കുകയും വ്യാജവിവരങ്ങളും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ റഷ്യക്ക് സഹായമാവുകയും ചെയ്യുന്നതിനാലാണ് മാർച്ച് ഒന്നിന് കിയവിലെ ടി.വി ടവർ നശിപ്പിക്കാൻ ശ്രമിച്ചത്. കിയവിനെയും ജനങ്ങളെയും ഉപരോധിക്കുകയും പട്ടിണിക്കിടുകയും ചെയ്യുക, ഷെല്ലാക്രമണവും ബോംബാക്രമണവും നടത്തുകയുമാണ് റഷ്യൻ തന്ത്രം. 30 ലക്ഷം ആളുകൾ താമസിക്കുന്ന നഗര ജനതയെ ഭയപ്പെടുത്തുകയല്ലാതെ മറ്റ് സൈനിക ലക്ഷ്യമില്ല. ചെറുത്തുനിൽക്കാനുള്ള യുക്രെയ്ൻ ജനതയുടെ ഇച്ഛാശക്തി തകർക്കുകയാണ് ലക്ഷ്യം.

പദ്ധതികളിൽ കൃത്യത

2003ൽ ഇറാഖ് അധിനിവേശത്തിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ജോർജ് ബുഷിന് ഇറാഖിൽ സാധിക്കാത്ത രാഷ്ട്രീയ, നയതന്ത്ര ലക്ഷ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നിലുള്ള റഷ്യൻ സൈനിക മേധാവികൾക്ക് വിശദീകരിച്ചുനൽകിയതായാണ് സൂചനകൾ.

ഫെബ്രുവരി 24ന്റെ യുദ്ധ പ്രഖ്യാപന പ്രസംഗത്തിൽ, പുടിൻ പ്രത്യേക പ്രവർത്തന ലക്ഷ്യങ്ങൾ വ്യക്തമാക്കി. യുക്രെയ്ന്റെ നിരായുധീകരണവും നാസിസത്തിൽ നിന്ന് വിമുക്തമാക്കലുമായിരുന്നു ലക്ഷ്യങ്ങൾ. രാജ്യാതിർത്തികൾ ഉണ്ടായിരുന്നിട്ടും പഴയ സോവിയറ്റ് റഷ്യയെ ശക്തിപ്പെടുത്തുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് പുടിൻ പറയുന്നത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള വ്യത്യാസം പുടിൻ ബോധപൂർവം മറക്കുന്നു.

മുതലാക്കാൻ ശ്രമം

ആയുധം കുറവുള്ള, എണ്ണത്തിൽ കൂടുതലുള്ള യുക്രെയ്ൻകാരുടെ പ്രതിരോധം റഷ്യക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. ഒടുവിൽ റഷ്യക്കാർക്ക് യുക്രെയ്ൻ സേനയെ കീഴടക്കാനും കിയവ് പിടിച്ചെടുക്കാനും കഴിയുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡി ഓഫ് വാറിലെ റഷ്യൻ വിശകലന വിദഗ്ധനായ മേസൺ ക്ലർക്ക് പറയുന്നു. വടക്ക് പ്രിബിസ്കിന് സമീപത്തുനിന്ന് തെക്കേ അറ്റത്ത് അന്റോനോവ് വിമാനത്താവളത്തിന് സമീപം വരെ 65 കിലോമീറ്ററോളം നീണ്ട വാഹനവ്യൂഹം കിയവിന് 24 കിലോമീറ്റർ അകലെ പെട്ടെന്ന് നിലച്ചു.

തുറസ്സായ ഭൂപ്രദേശങ്ങളിലെ സൈനിക വാഹനനിര സാധാരണ വ്യോമാക്രമണത്തിന് ഇരയാകാറുണ്ട്. എന്നാൽ റഷ്യൻ വാഹനവ്യൂഹത്തിനു നേരെയുള്ള യുക്രെയ്ൻ ആക്രമണം കുറയാൻ കാരണം അതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ്. കൂടാതെ കരയിലൂടെയുള്ള ആക്രമണം തടയാൻ പ്രത്യേക സേനയുടെ സംരക്ഷണമുണ്ടെന്നും കരുതുന്നു.

കിയവിലെ റഷ്യൻ ആക്രമണം ഇപ്പോൾ സ്തംഭിച്ചിട്ടുണ്ടെങ്കിലും, യുക്രെയ്നിൽ റഷ്യയ്ക്ക് വൻ സൈനിക ശക്തിയുണ്ടെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു, അത് അത്തരം തിരിച്ചടികൾ മറികടക്കും. റഷ്യൻ കമാൻഡർമാർ യുദ്ധം വിലയിരുത്താനും സൈന്യത്തെ പുനഃസജ്ജമാക്കാനും വാഹനവ്യൂഹത്തെ മനപ്പൂർവം താൽക്കാലികമായി നിർത്തിയതാണ്. കിയവിൽ മുന്നേറ്റം ആരംഭിക്കുന്നതിന് തയാറെടുക്കുകയാണ്. തെക്ക് റഷ്യൻ സൈന്യം കൂടുതൽ വിജയിക്കുന്നതായും നിരീക്ഷകർ ശ്രദ്ധിക്കുന്നു.

Tags:    
News Summary - Russia's targets are Volodymyr Zelenskyy and Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.