റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാർച്ച് 17ന്; പുടിന് എതിരില്ല

മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാർച്ച് 17ന് നടത്തും. യുക്രെയ്നിൽ അധിനിവേശം നടത്തി നിയന്ത്രണം സ്വന്തമാക്കിയ പ്രദേശങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകും. 11 കോടി വോട്ടർമാരുണ്ടെങ്കിലും 7-8 കോടി ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നാണ് വിലയിരുത്തൽ. 2018ൽ 67.5 ശതമാനമായിരുന്നു പോളിങ്. നിലവിലെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടർച്ചയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.

അദ്ദേഹത്തിന് വെല്ലുവിളി ഉയർത്താൻതക്ക ആരും പ്രതിപക്ഷത്തില്ല. കൂടുതൽ കാലം റഷ്യൻ പ്രസിഡന്റായ വ്യക്തിയും മറ്റാരുമല്ല. 1999ൽ ബോറിസ് യെൽറ്റ്സിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താൽക്കാലിക പ്രസിഡന്റ് പദവി ഏറ്റെടുത്ത പുടിൻ 2000ത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി. 2004ൽ വീണ്ടും ജയിച്ചു.

രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റാകാൻ കഴിയില്ല എന്ന് വ്യവസ്ഥയുള്ളതിനാൽ 2008 മേയ് എട്ടു മുതൽ 2012വരെ പ്രധാനമന്ത്രി പദവിയാണ് അദ്ദേഹം വഹിച്ചത്. ദിമിത്രി മെദ്‍വദേവ് ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്റ്. 2012ൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായ അദ്ദേഹത്തിന് പിന്നീട് മാറേണ്ടി വന്നിട്ടില്ല. നാലുവർഷ കാലാവധിയിൽ തുടർച്ചയായി രണ്ടു തവണയേ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയൂ എന്ന വ്യവസ്ഥ 2008ൽ ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു.

ആറു വർഷമാണ് നിലവിൽ പ്രസിഡന്റ് പദവിയുടെ കാലാവധി. വീണ്ടും മത്സരിക്കുന്നതിനും തടസ്സമില്ല. അതേസമയം, പ്രഹസനമാണ് തെരഞ്ഞെടുപ്പ് എന്ന് പാശ്ചാത്യ വിമർശനമുണ്ട്. യുക്രെയ്ൻ അധിനിവേശത്തെ എതിർത്ത പ്രധാന പ്രതിപക്ഷ നേതാവായ അലക്സി നവാൽനി ജയിലിലാണ്. യുദ്ധാനുകൂലിയായ ദേശീയവാദി ഇഗർ ഗിർകിനും ജയിലിൽ വിചാരണ കാത്തുകഴിയുന്നു.

Tags:    
News Summary - Russian presidential election on March 17; There is no opposition to Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.