തെഹ്റാൻ: ഉപരോധ നീക്കങ്ങൾക്കിടെ പുതിയ നാല് ആണവ വൈദ്യുതി ഉത്പാദന പ്ലാന്റുകൾ നിർമിക്കാൻ റഷ്യയുമായി കരാർ ഒപ്പിട്ട് ഇറാൻ. ഇറാന്റെ ഹോർമോസ് കമ്പനിയുമായി ചേർന്ന് റഷ്യൻ സർക്കാറിന്റെ ആണവ കോർപറേഷൻ റൊസതോം ആണ് പ്ലാന്റുകൾ നിർമിക്കുക. ഇറാൻ വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആണവായുധം നിർമിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇറാനെതിരെ യു.എസും യൂറോപ്യൻ രാജ്യങ്ങളും കടുത്ത ഉപരോധം തുടരുന്നതിനിടെയാണ് പുതിയ കരാർ.
മോസ്കോയിൽ ധാരണപത്രം ഒപ്പിട്ട കാര്യം റൊസതോം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 25 ബില്ല്യൻ ഡോളറിന്റെതാണ് കരാർ.
അതേസമയം സിറിക് മേഖലയിൽ 500 ഏക്കറിൽ മൂന്നാം തലമുറ വിഭാഗത്തിലുള്ള വൈദ്യുതി പ്ലാന്റ് നിർമിക്കാൻ കരാർ ഒപ്പിട്ടതായി ഇറാൻ ഉദ്യോഗസ്ഥൻ അറിയിച്ചു. തെക്കുകിഴക്കൻ മേഖലയായ ഹോർമോസ്ഗനിലെ ഈ പ്ലാന്റിൽനിന്ന് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി.
കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാൻ. നിലവിൽ തെക്കൻ നഗരമായ ബുഷേഹറിൽ റഷ്യൻ സഹായത്തോടെ നിർമിച്ച ഏക ആണവ വൈദ്യുതി പ്ലാന്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ജിഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.