തഹാവൂർ റാണ
ടൊറന്റോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളും പാകിസ്താൻ വംശജനുമായ തഹവ്വുർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാൻ സർക്കാർ നീക്കം തുടങ്ങി. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി റാണയുടെ പൗരത്വം റദ്ദാക്കാൻ കനേഡിയൻ സർക്കാർ നടപടി ആരംഭിച്ചത്. പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ കബളിപ്പിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.
പൗരത്വം റദ്ദാക്കുന്ന നടപടിയെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൗരത്വ നിയമങ്ങളുടെ അന്തസ്സ് നിലനിർത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു. പൗരത്വം റദ്ദാക്കുന്ന നടപടി കാനഡയുടെ 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമാണ്. തെറ്റായ വിവരങ്ങൾ നൽകി പൗരത്വം നേടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും നിയമവ്യവസ്ഥക്കും വെല്ലുവിളിയാണെന്ന് കാനഡ കരുതുന്നു. ഭീകരവാദ ബന്ധമുള്ള ഒരാൾ കനേഡിയൻ പാസ്‌പോർട്ട് കൈവശം വെക്കുന്നത് രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്നും വിലയിരുത്തപ്പെടുന്നു.
മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് റാണ. 2025 ഏപ്രിലിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട റാണ ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്. ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ നുണ പറഞ്ഞു എന്ന സാങ്കേതിക കാരണത്താലാണ് ഇമിഗ്രേഷൻ വിഭാഗം റാണയുടെ പൗരത്വം റദ്ദാക്കുന്നത്. 2000ൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ കഴിഞ്ഞ നാല് വർഷമായി ഒട്ടാവയിലും ടൊറന്റോയിലുമാണ് താമസമെന്നും വെറും ആറ് ദിവസം മാത്രമേ കാനഡക്ക് പുറത്തുപോയിട്ടുള്ളൂ എന്നും റാണ അവകാശപ്പെട്ടിരുന്നു.
എന്നാൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഈ കാലയളവിൽ ഭൂരിഭാഗവും റാണ അമേരിക്കയിലെ ഷിക്കാഗോയിലായിരുന്നു എന്ന് കണ്ടെത്തി. അവിടെ ഇയാൾക്ക് സ്വന്തമായി ബിസിനസ്സുകളും വസ്തുവകകളും ഉണ്ടായിരുന്നു. കാനഡയിലെ താമസ പരിധി പൂർത്തിയാക്കാതെ തന്നെ തെറ്റായ രേഖകൾ നൽകി പൗരത്വം നേടിയത് ഗുരുതരമായ നിയമലംഘനമാണെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. കേസ് ഇപ്പോൾ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്. പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച് കോടതിയാണ് അന്തിമ തീരുമാനമെടുക്കുക. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില വിവരങ്ങൾ കേസുമായി ബന്ധപ്പെട്ട് രഹസ്യമായി വെക്കാൻ സർക്കാർ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.