റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട യുക്രെയ്ൻ സൈനികർക്കായി തലസ്ഥാനമായ കിയവിൽ ഒരുക്കിയ താത്കാലിക സ്മാരകം സന്ദർശിക്കുന്നവർ
കിയവ്: മധ്യസ്ഥ ചർച്ചകളും ഇടപെടലുകളും നാനാവഴി തുടർന്നിട്ടും യുക്രെയ്നിൽ റഷ്യയുടെ അവസാനിക്കാത്ത അധിനിവേശത്തിനും ആക്രമണങ്ങൾക്കും ഇന്നേക്ക് നാലു വർഷം. നാശക്കണക്കുകൾ ഇരുവശത്തുമുണ്ടാകുമെങ്കിലും നഷ്ടങ്ങളേറെയും അനുഭവിക്കുന്ന യുക്രെയ്നിൽ നാലാം വാർഷികത്തലേന്നും റഷ്യ ആക്രമണം തുടരുകയാണ്. 2022 മാർച്ച് 24നാണ് യുക്രെയ്നിലുടനീളം റഷ്യൻ ബോംബറുകൾ നാശം വിതച്ചുതുടങ്ങിയത്.
സ്വന്തമായി നാവിക സേനയില്ലാത്ത, കര-വ്യോമ സേനകൾക്ക് വേണ്ടത്ര ശേഷിയില്ലാത്ത രാജ്യം തിരിച്ചടിക്കാൻ പ്രയാസപ്പെട്ടപ്പോൾ മരിച്ചുവീണത് ആയിരങ്ങൾ. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷ്യ അടക്കം റഷ്യൻ നിയന്ത്രണത്തിലായി. യുക്രെയ്നിന്റെ 26 ശതമാനം ഭൂമിയും റഷ്യ പിടിച്ചെടുത്തു. ഖാർകിവ്, ചെർണീവ്, സുമി അടക്കം മേഖലകളിലും കാര്യമായി അവർ മുന്നേറ്റമുണ്ടാക്കി.
എന്നാൽ, അപ്രതീക്ഷിത തിരിച്ചടിയിൽ റഷ്യക്ക് നഷ്ടമായത് നിരവധി യുദ്ധക്കപ്പലുകൾ. തലസ്ഥാന നഗരമായ മോസ്കോയിലടക്കം യുക്രെയ്ൻ ബോംബറുകൾ വൻ നാശം വിതച്ചു. റഷ്യയുടെ എണ്ണ സംസ്കരണ ശാലകളിലും വ്യവസായ കേന്ദ്രങ്ങളിലും ഡ്രോണുകൾ വീണു. ആയുധ നിർമാണം തീരെ ശുഷ്കമായിരുന്ന യുക്രെയ്നിൽ കഴിഞ്ഞ വർഷം മാത്രം ആഭ്യന്തരമായി നിർമിച്ചത് 30 ലക്ഷം ഡ്രോണുകൾ. നാറ്റോയുടെ മികച്ച സൈനിക പിന്തുണ കൂടിയുള്ള രാജ്യം ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നിനെതിരെ പിടിച്ചുനിന്ന് പൊരുതുകയാണ്.
മറുവശത്ത്, എല്ലാം എളുപ്പം തീർക്കാമെന്ന് കരുതി ബോംബിങ് തുടങ്ങിയ റഷ്യ രണ്ടാം ലോകയുദ്ധത്തിൽ ഇടപെട്ടതിനെക്കാൾ നീണ്ട യുദ്ധമാണ് യുക്രെയ്നിൽ തുടരുന്നത്. സ്വന്തം സൈനികർ തികയാത്തതിനാൽ ഉത്തര കൊറിയയിൽനിന്നടക്കം വിദേശ കൂലിപ്പട്ടാളക്കാരാണ് പലപ്പോഴും റഷ്യക്കായി യുദ്ധമുന്നണിയിൽ മരിച്ചുവീഴുന്നത്. ഇവരടക്കം 12,50,000 പേർക്ക് റഷ്യൻ സൈനിക നിരയിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് യുക്രെയ്ൻ കണക്ക്. കഴിഞ്ഞ വർഷം മാത്രം നാലു ലക്ഷത്തിലേറെ റഷ്യൻ സൈനികർക്ക് പരിക്കേൽക്കുകയോ മരണം വരിക്കുകയോ ചെയ്തെന്ന് യുക്രെയ്ൻ സൈന്യം പറയുന്നു. ഈ വർഷം ജനുവരി മുതലുള്ള കണക്ക് 31,680 ആണ്. മറുവശത്ത്, തങ്ങൾക്ക് 55,000 സൈനികരെ നഷ്ടമായെന്നും യുക്രെയ്ൻ പറയുന്നു. 15,168 സിവിലിയന്മാർ മരിക്കുകയും 41,534 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് വേറെ.
അതേസമയം, യുക്രെയ്നിൽ അഭയാർഥികളായവരുടെ എണ്ണം ദശലക്ഷങ്ങളാണ്. 54 ലക്ഷം പേർ യൂറോപ്പിലും നാലു ലക്ഷം മറ്റിടങ്ങളിലുമായി അഭയാർഥികളായി. ആക്രമണം യുക്രെയ്നെന്നപോലെ റഷ്യൻ സമ്പദ്വ്യവസ്ഥക്കും ഏൽപിച്ച ആഘാതം ശക്തമാണ്. അടുത്തിടെ രാജ്യത്ത് മൂല്യവർധിത നികുതി 20 ശതമാനത്തിൽനിന്ന് 22 ആക്കി ഉയർത്തിയിരുന്നു. തുടക്കത്തിൽ റഷ്യയുണ്ടാക്കിയ നേട്ടങ്ങൾ പലതും ഇപ്പോൾ നഷ്ടമായെന്നും യുക്രെയ്ൻ മികച്ച നിലയിൽ പ്രതിരോധിക്കുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.