നരേന്ദ്ര മോദിയും പുടിനും

ഇന്ത്യക്ക് അഞ്ച് ശതമാനം വിലക്കുറവിൽ എണ്ണ നൽകും; ഉൽപന്നങ്ങൾക്ക് റഷ്യയിലേക്ക് സ്വാഗതം, ട്രംപിന്റെ ഭീഷണിക്കിടെ പ്രതികരിച്ച് റഷ്യ

മോസ്കോ: ഇന്ത്യക്ക് അഞ്ച് ശതമാനം വിലക്കുറവിൽ എണ്ണ നൽകുമെന്ന് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങൾ നീക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണ കയറ്റുമതി ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.

റഷ്യയുമായി വ്യാപാരം നടത്തുമ്പോൾ ഇന്ത്യ നേരിടുന്ന ബുദ്ധിമുട്ടുകൾ തങ്ങൾ മനസിലാക്കുന്നുണ്ടെന്ന് റഷ്യൻ എംബസി ഉദ്യോഗസ്ഥനായ റോമാൻ ബാബുഷികിൻ പറഞ്ഞു. വ്യാപാരത്തിലെ തടസ്സങ്ങൾ ​നീക്കം. ഇന്ത്യ-റഷ്യ വ്യാപാരം പ്രതിവർഷം പത്ത് ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

യു.എസ് വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾ വിൽക്കാൻ പ്രതിസന്ധി നേരിടുകയാണെങ്കിൽ റഷ്യൻ വിപണി ഇന്ത്യക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികൾക്കിടയിലും വ്യാപാരം മെച്ചപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള പേയ്മെന്റ് സിസ്റ്റവും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കുമേൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തിയത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനെന്ന ന്യായീകരണവുമായി വൈറ്റ് ഹൗസ്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയ്ൻ യുദ്ധം മുതലെടുത്ത് റഷ്യയിൽനിന്ന് വാങ്ങുന്ന എണ്ണ ഉപയോഗിച്ച് ഇന്ത്യ വലിയ ലാഭമുണ്ടാക്കുകയാണെന്ന് കഴിഞ്ഞദിവസം മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു. ഇന്ത്യക്കെതിരായ തന്‍റെ നടപടികളാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതെന്ന് ട്രംപും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം. യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഇതിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരായ തീരുവ പ്രഖ്യാപനം അതിന്‍റെ ഭാഗമായിരുന്നെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Russia Offers 5% Discount On Oil To India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.