റഷ്യൻ സൈന്യത്തിലേക്ക് സേവനത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡിന് സമീപത്തുകൂടി നടന്നുപോകുന്ന യുവതി
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ ജയിൽപുള്ളികളുടെയും കുറ്റവാളികളുടെയും സൈനികസേവനം നിയമവിധേയമാക്കാനൊരുങ്ങി രാജ്യം. ഇവരുടെ കുറ്റങ്ങൾ ക്ഷമിച്ച് സൈനിക സേവനം നിയമവിധേയമാക്കാനാണ് നീക്കം.
റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമ, യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സേനയിൽ ചേരാൻ സന്നദ്ധരായ കുറ്റവാളികൾക്ക് മാപ്പ് നൽകുന്ന നിയമനിർമാണത്തിന് അംഗീകാരം നൽകി.
യുക്രെയ്നെതിരെ സൈനികരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണിത്. യുദ്ധത്തിൽ പങ്കെടുക്കുന്ന ജയിൽപുള്ളികൾക്കുള്ള പൊതുമാപ്പ് റഷ്യൻ ജയിലുകളിലെ എല്ലാ കുറ്റവാളികൾക്കും ബാധകമല്ലെന്ന് സ്റ്റേറ്റ് ഡ്യൂമ പ്രസ്താവനയിൽ പറഞ്ഞു.
ഭീകരപ്രവർത്തനങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ, ചാരവൃത്തി, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ പൊതുമാപ്പിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സൈനിക സേവനം അനുഷ്ഠിക്കുന്ന കുറ്റവാളികൾ പൂർണമായും മോചിതരാകുകയും ഇവർക്ക് സൈനികപദവി നൽകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.