സെനിക്ക (ബോസ്നിയ): 2006ലെ ലോക ജേതാക്കളായ ശേഷം തുടങ്ങിയ ഇറ്റലിയുടെ കഷ്ടകാലത്തിന് ഇനിയും അറുതിയായില്ല. വിശ്വപോരാട്ടത്തിന്റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ ചിതറിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതം നേടി ഇരു ടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. 4-1 എന്ന സ്കോറിനായിരുന്നു മുൻ ലോക ചാമ്പ്യന്മാരുടെ തോൽവി.
മത്സരത്തിന്റെ 41ാം മിനിറ്റിൽ ബാസ്റ്റോണി ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിനിന്ന ഇറ്റലി, അധിക സമയത്തും പിടിച്ചുനിന്നു. എന്നാൽ, ഷൂട്ടൗട്ടിൽ ഒരുതവണ മാത്രമാണ് ലക്ഷ്യം കാണാനായത്. ബോസ്നിയക്കായി കിക്കെടുത്ത നാലു താരങ്ങളും പന്ത് വലയിലാക്കി. 15ാം മിനിറ്റിൽതന്നെ മൊയ്സെ കീനിലൂടെ ഇറ്റലി ലീഡെടുത്തത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. 79ാം മിനിറ്റിൽ ഹാരിസ് ടബക്കോവിച്ചിലൂടെ ബോസ്നിയ മത്സരത്തിൽ ഒപ്പമെത്തുകയായിരുന്നു. അമർ ദേദിക്കിന്റെ ക്രോസിൽനിന്ന് എദിൻ ഷേക്കോ ഹെഡ് ചെയ്ത പന്ത് ജിയാൻലൂയി ഡൊണ്ണരുമ്മ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്ത് ഹാരിസ് വലയിലാക്കി. നിശ്ചിത സമയത്ത് സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. അവിടെയും സമനിലക്കളി തുടർന്നു. ഷൂട്ടൗട്ടിൽ ആതിഥേയരായ ബോസ്നിയ മികവ് പുലർത്തി. കിക്കെടുത്ത ബെൻജമിൻ താഹിരോവിച്, ടബക്കോവിച്, കെരിം അലൈബ്ഗോവിച്, എസ്മിർ ബൈറക്ടാരേവിച് എന്നിവരെല്ലാം ലക്ഷ്യം കണ്ടു. ഇറ്റലിക്കായി സാൻട്രോ ടൊണാലിക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. പിയോ എസ്പോസിറ്റോ, ബ്രയൻ ക്രിസ്റ്റാന്റെ എന്നിവർ അവസരം നഷ്ടപ്പെടുത്തി.
ബോസ്നിയയും 40 വയസ്സുള്ള ക്യാപ്റ്റൻ എദിൻ ഷെക്കോയും രണ്ടാം തവണയാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. 2014ലായിരുന്നു അരങ്ങേറ്റം. കാനഡ, ഖത്തർ, സ്വിറ്റ്സർലൻഡ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് ‘ബി’യിലാണ് ബോസ്നിയ. മറ്റു പ്ലേ ഓഫ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ 3-1ന് വീഴ്ത്തി ചെക്കിയയും കൊസോവയെ 1-0ത്തിന് മറികടന്ന് തുർക്കിയയും പോളണ്ടിനെ 3-2ന് വീഴ്ത്തി സ്വീഡനും ലോകകപ്പ് ഉറപ്പിച്ചു. ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് ഫൈനലിൽ ജമൈക്കയെ 1-0ത്തിന് വീഴ്ത്തി കോംഗോയും ലോകകപ്പ് കളിക്കാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.