‘വൈറ്റ് ഹൗസിനെ സംരക്ഷിക്കേണ്ട കാവൽക്കാരൻ മാത്രമാണ് പ്രസിഡന്റ്, അല്ലാതെ അതിന്റെ ഉടമയല്ല’; വൈറ്റ് ഹൗസിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് കോടതി വിലക്ക്

വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചുനീക്കി 400 മില്യൺ ഡോളർ ചെലവിൽ അത്യാധുനിക ബോൾറൂം നിർമിക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കത്തിന് കോടതി വിലക്ക്. കോൺഗ്രസിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ ഉത്തരവിട്ടു.

ചരിത്രപ്രധാനമായ ഈസ്റ്റ് വിങ് പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ നൽകിയ ഹരജിയിലാണ് കോടതി നടപടി. ‘ഭാവി തലമുറകൾക്കായി വൈറ്റ് ഹൗസിനെ സംരക്ഷിക്കേണ്ട ഒരു കാവൽക്കാരൻ മാത്രമാണ് പ്രസിഡന്റ്, അല്ലാതെ അതിന്റെ ഉടമയല്ല. കോൺഗ്രസിന്റെ നിയമപരമായ അനുമതി ലഭിക്കുന്നത് വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം’- ജഡ്ജി റിച്ചാർഡ് ലിയോൺ പറഞ്ഞു.

90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബോൾറൂം പദ്ധതിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. എന്നാൽ വൈറ്റ് ഹൗസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അത്യാവശ്യ നിർമാണ പ്രവർത്തനങ്ങൾക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ ഡോണാൾഡ് ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. നാഷണൽ ട്രസ്റ്റ് ഭ്രാന്തന്മാരുടെ സംഘമാണെന്നും നികുതിപ്പണമില്ലാതെയാണ് താൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മന്ദിരം നിർമിക്കുന്നതെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു. പദ്ധതി നിശ്ചയിച്ചതിലും നേരത്തെയും കുറഞ്ഞ ചെലവിലും പൂർത്തിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രംപ് ഭരണകൂടം അപ്പീൽ കോടതിയെ സമീപിച്ചിട്ടു​ണ്ട്. തുടർന്ന് വിധി നടപ്പിലാക്കുന്നതിന് 14 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ ചരിത്രപരമായ പ്രസക്തിയെ എന്നെന്നേക്കുമായി ബാധിക്കുന്നതാണ് ഈ പദ്ധതിയെന്ന് സംരക്ഷണ സമിതി ആരോപിക്കുന്നുണ്ട്. കോടതി ഉത്തരവോടെ ട്രംപിന്റെ സ്വപ്ന പദ്ധതിയായിരുന്ന ബോൾറൂം നിർമാണം നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. 

Tags:    
News Summary - Judge temporarily halts Trump’s $400m White House ballroom project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.