ഫെബ്രുവരി 28ന് ഇറാനുനേരെ ആക്രമണം തുടങ്ങുമ്പോൾ രണ്ട് കാര്യങ്ങളാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക നീക്കത്തിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്: ഇറാന്റെ ആണവശേഷി ഇല്ലാതാക്കുക, രാജ്യത്ത് ഭരണമാറ്റം നടത്തുക. യുദ്ധം ഒരാഴ്ച പിന്നിട്ടപ്പോൾ ഇറാൻ ഹുർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ച് പ്രതിരോധത്തിന് പുതിയ മാനം തീർത്തപ്പോൾ അടുത്ത പ്രഖ്യാപനവും വന്നു: ഹുർമുസ് പിടിച്ചെടുക്കും. എന്നാൽ, യുദ്ധം 33 ദിവസം പിന്നിട്ടപ്പോൾ മൂന്ന് ലക്ഷ്യങ്ങളിൽനിന്നും പിൻവാങ്ങേണ്ടിവന്നിരിക്കുകയാണ് യു.എസ് പ്രസിഡന്റിന്. ഹുർമുസും ഭരണമാറ്റവുമൊന്നുമില്ലാതെത്തന്നെ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ സൈനികാക്രമണം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹമിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണമാറ്റം
ഏതാനും ദിവസങ്ങളായി ട്രംപ് വെടിനിർത്തലിനുള്ള ഒരുക്കത്തിലായിരുന്നു. പത്ത് നാൾ മുമ്പ്, അദ്ദേഹം അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ചർച്ച നടക്കുന്നുവെന്ന് കാണിച്ചായിരുന്നു ഇത്. പിന്നീട് അത് ഏപ്രിൽ അഞ്ചുവരെ നീട്ടി. അന്ത്യശാസനത്തിനുള്ള സമയം കഴിയാൻ ദിവസങ്ങൾ അവശേഷിക്കെയാണ് വ്യവസ്ഥകളെല്ലാം മാറ്റിവെച്ച് പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇറാനിൽ ഇസ്ലാമിക ഭരണകൂടത്തെ എടുത്തെറിയുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഭരണമാറ്റത്തെക്കുറിച്ച് വിചിത്രമായ പ്രസ്താവനയാണ് കഴിഞ്ഞദിവസം നടത്തിയത്. ഇറാനിൽ ഭരണമാറ്റം സംഭവിച്ചുവത്രെ. ഖാംനഈ വധിക്കപ്പെട്ടതോടെത്തന്നെ ലക്ഷ്യം പൂർത്തിയായെന്നാണ് ട്രംപിന്റെ വാദം. ഇതിനെ ഇറാൻ ഭരണകൂടം കണക്കിന് പരിഹസിക്കുന്നുണ്ട്. ‘ഭരണ മാറ്റം’ നടന്നുവെന്നത് ശരിയാണെന്നും അത് ഹുർമുസിന്റെ കാര്യത്തിലാണെന്നുമാണ് ഇറാൻ പാർലമെന്റ് സ്പീക്കർ ഇബ്രാഹീം അസീസി പ്രതികരിച്ചത്. ട്രംപിന്റെ ഇടപെടലോടെ ഹുർമുസ് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസിൽ കപ്പൽനീക്കത്തിന് തങ്ങൾക്ക് അനുഗുണമാകുമെന്ന തരത്തിൽ പുതിയ നിയമം കൊണ്ടുവരാനും ഇറാന് കഴിഞ്ഞു.
സഖ്യകക്ഷികൾ കൈയൊഴിഞ്ഞു
ട്രംപിന്റെ സഖ്യകക്ഷികൾ കൈയൊഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന്റെ മറ്റൊരു കാരണമായി പറയുന്നത്. യുദ്ധത്തിന്റെ തുടക്കം മുതലേ ബ്രിട്ടൻ സൈനിക നീക്കത്തിന് അനുകൂലമായിട്ടല്ല പ്രതികരിച്ചത്. കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു: ബ്രിട്ടന്റെ ജനഹിതം യുദ്ധത്തിൽ പങ്കെടുക്കാതിരിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ അംഗ രാജ്യങ്ങളുടെയും പിന്തുണ ട്രംപിന് ലഭിച്ചില്ല. ഇത് വലിയ നയതന്ത്ര പ്രശ്നമായും മാറി. നാറ്റോയിൽനിന്ന് പിന്മാറുമെന്ന് ട്രംപിന് പുറമെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വന്തം ജനങ്ങളും എതിര്
ഇറാനിലെ സൈനിക നടപടി ട്രംപിന്റെ ജനപ്രീതി വല്ലാതെ കുറച്ചു. അമേരിക്ക ലക്ഷ്യം നേടിയില്ലെങ്കിലും ഇറാനുമായുള്ള യുദ്ധം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്ന് മൂന്നിൽ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി സർവേ ഫലം. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 66 ശതമാനം ആളുകളും ഇറാനെതിരായ സൈനികനീക്കം ഉടൻ അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. 27 ശതമാനം പേരാണ് ലക്ഷ്യങ്ങൾ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരിൽ 40 ശതമാനം പേരും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ, 57 ശതമാനം അനുയായികൾ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് യുദ്ധം തുടരാമെന്ന് അഭിപ്രായപ്പെട്ടു.
1021 പേരാണ് സർവേയിൽ പങ്കെടുത്തത്. യുദ്ധംമൂലം ഇന്ധനവിലയും പണപ്പെരുപ്പവും കുത്തനെ ഉയരുന്നത് അമേരിക്കയിൽ വലിയ അസംതൃപ്തിക്കിടയാക്കുന്നുണ്ട്. പെട്രോൾ വില ഗാലന് 4 ഡോളറിന് മുകളിൽ എത്തിയത് വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും യുദ്ധം തങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലാക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.