കേപ് കനാവറൽ: അഞ്ച് പതിറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് 2’ ദൗത്യം വിക്ഷേപണത്തിനൊരുങ്ങുന്നു. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3:54ന് ആയിരിക്കും. വിക്ഷേപണത്തിനായി രണ്ട് മണിക്കൂർ നീളുന്ന സമയപരിധിയാണ് നാസ അനുവദിച്ചിരിക്കുന്നത്. വിക്ഷേപണ സമയത്ത് 80 ശതമാനവും അനുകൂല കാലാവസ്ഥയായിരിക്കുമെന്ന് നാസയുടെ കാലാവസ്ഥാ വിഭാഗമായ 45ാം വെതർ സ്ക്വാഡ്രൺ അറിയിച്ചു.
നാല് ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്രനെ ചുറ്റിവരുന്ന പത്ത് ദിവസത്തെ ദൗത്യമാണ് ആർട്ടെമിസ് 2. എന്നാൽ ഫ്ലോറിഡ തീരത്തെ അന്തരീക്ഷത്തിലെ മാറ്റങ്ങൾ നാസ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏപ്രിൽ മാസത്തെ പ്രത്യേകതയായ മഴയും ക്യുമുലസ് മേഘങ്ങളും വിക്ഷേപണത്തിന് വെല്ലുവിളിയായേക്കാം. 7.5 ലക്ഷം ഗാലൻ പ്രൊപ്പല്ലന്റ് ഇന്ധനം നിറച്ച കൂറ്റൻ റോക്കറ്റിന് മിന്നൽപ്പിണരുകൾ വലിയ സുരക്ഷാ ഭീഷണിയാണ്. മേഘങ്ങൾക്കിടയിലൂടെ റോക്കറ്റ് കടന്നുപോകുമ്പോൾ സ്വാഭാവിക മിന്നലിന് പുറമെ 'റോക്കറ്റ് ഇൻഡ്യൂസ്ഡ് മിന്നലുകൾ' ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നിൽക്കാണുന്നുണ്ട്.
വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയ്ക്ക് പുറമെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പേടകം തിരിച്ചിറങ്ങുന്ന ഭാഗത്തെ സാഹചര്യങ്ങളും സൗരവികിരണങ്ങളും സംഘം വിലയിരുത്തുന്നുണ്ട്. ഇന്ന് വിക്ഷേപണം നടന്നില്ലെങ്കിൽ ഏപ്രിൽ രണ്ട് മുതൽ ആറ് വരെയുള്ള തീയതികൾ നാസ കരുതിവെച്ചിട്ടുണ്ട്. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് തിരിക്കുന്നത് എന്നതിനാൽ ലോകം വലിയ ആകാംക്ഷയോടെയാണ് ഈ നിമിഷത്തെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.