ലക്ഷ്യം നേടിയില്ലെങ്കിലും യുദ്ധം ഉടൻ അവസാനിപ്പിക്കണം; മൂന്നിൽ രണ്ട് അമേരിക്കക്കാരുടെയും ആഗ്രഹം അതാണ്

വാഷിങ്ടൺ: അമേരിക്ക ലക്ഷ്യം നേടിയില്ലെങ്കിലും ഇറാനുമായുള്ള യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് മൂന്നിൽ രണ്ട് അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി സർവേ ഫലം. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കയിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 66 ശതമാനം ആളുകളും ഇറാനെതിരായ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. 27 ശതമാനം പേരാണ് ലക്ഷ്യങ്ങൾ നേടുന്നതുവരെ യുദ്ധം തുടരണമെന്ന് അഭിപ്രായപ്പെട്ടത്. ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരിൽ 40 ശതമാനം പേരും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ 57 ശതമാനം അനുയായികൾ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് യുദ്ധം തുടരാമെന്ന് അഭിപ്രായപ്പെട്ടു.

1021 പേരാണ് സർവേയിൽ പങ്കെടുത്തത്. യുദ്ധം മൂലം ഇന്ധനവിലയും പണപ്പെരുപ്പവും കുത്തനെ ഉയരുന്നത് അമേരക്കയിൽ വലിയ അസംതൃപ്തിക്കിടയാക്കുന്നുണ്ട്. പെട്രോൾ വില ഗാലന് 4 ഡോളറിന് മുകളിൽ എത്തിയത് വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും യുദ്ധം തങ്ങളുടെ സാമ്പത്തിക നില പരുങ്ങളിലാക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചു.

സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ പിന്മാറുമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു. 'ഞങ്ങൾ ഉടൻ തന്നെ ഇറാനിൽ നിന്ന് മടങ്ങും. രണ്ടാഴ്ച, അല്ലെങ്കിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം ഉണ്ടായേക്കാം,' ട്രംപ് വ്യക്തമാക്കി. ഇറാനുമായി ഒരു നയതന്ത്ര കരാർ ഉണ്ടാക്കിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിർബന്ധം അമേരിക്കക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കിയതിന് ശേഷം മാത്രമേ പിന്മാറ്റം പൂർത്തിയാകൂ എന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഇറാനുമായുള്ള സംഘർഷത്തിൽ വിലയ നേട്ടമുണ്ടായെന്നും ആക്രണം തുടരുമെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ഇസ്രായേലിന്‍റെ താൽപ്പര്യത്തിന് വഴങ്ങിയാണ് ട്രംപ് ഇറാൻ ആക്രമണതതിന് മുതിർന്നതെന്ന് വിമർശനം അമേരിക്കയിൽ ശക്തമാണ്.

Tags:    
News Summary - Two-thirds of Americans want quick end to Iran war even if goals unachieved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.