സമാധാന ശ്രമങ്ങൾക്കിടെ യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യയുടെ ബോംബ് വർഷം

കീവ്: യു.എസ്-റഷ്യ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയെക്കുറിച്ച് ജനീവയിൽ യു.എസ്, യുക്രേനിയൻ പ്രതിനിധികൾ ചർച്ചകൾ തുടരുന്നതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ബോംബു വർഷം തുടർന്ന് റഷ്യ. ചൊവ്വാഴ്ച പുലർച്ചെ റഷ്യ ആക്രമണം അഴിച്ചുവിട്ടതായാണ് റി​പ്പോർട്ട്.

റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായി  പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  മധ്യ പെച്ചേഴ്‌സ്ക് ജില്ലയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനും കീവിന്റെ കിഴക്കൻ ജില്ലയായ ഡിനിപ്രോവ്‌സ്‌കിയിലെ മറ്റൊരു കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതായി മേയർ വിറ്റാലി കിറ്റ്‌ഷ്‌കോ പറഞ്ഞു.

ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങളിൽ ഡിനിപ്രോവ്‌സ്‌കിയിലെ ഒമ്പതു നില കെട്ടിടത്തിന്റെ ഒന്നിലധികം നിലകളിലൂടെ തീ പടരുന്നത് കാണിച്ചു. കുറഞ്ഞത് നാലു പേർക്ക് പരിക്കേറ്റതായി കീവ് നഗര ഭരണകൂടത്തിന്റെ തലവൻ ടൈമർ ടകാചെങ്കോ പറഞ്ഞു. ഊർജ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി യുക്രെയ്‌നിന്റെ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

അധിനിവേശ ക്രിമിയ ഉൾപ്പെടെ വിവിധ റഷ്യൻ പ്രദേശങ്ങൾക്ക് മുകളിൽ ഒറ്റരാത്രികൊണ്ട് 249 ഉക്രേനിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധം നശിപ്പിച്ചതായും ഡ്രോണുകളിൽ ഭൂരിഭാഗവും കരിങ്കടലിന് മുകളിൽ വെടിവെച്ചുവീഴ്ത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

‘റഷ്യക്ക് സ്വീകാര്യമായത് എന്താണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുക്രെയ്നിനായുള്ള സമാധാന പദ്ധതി കാണിക്കുന്നു. പക്ഷേ യുക്രെയ്നിനും യൂറോപ്പിനും സ്വീകാര്യമാക്കുന്നതിന് മെച്ചപ്പെടുത്തേണ്ട വശങ്ങളുണ്ട്’ എന്ന് ജനീവയിലെ ചർച്ചക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ‘ഞങ്ങൾക്ക് സമാധാനം വേണം പക്ഷേ യുക്രെയ്നിന്റെ കീഴടങ്ങലായി മാറുന്ന ഒരു സമാധാനം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മാക്രോൺ പറഞ്ഞു. റഷ്യയുമായുള്ള സമാധാനത്തിന്റെ കാര്യത്തിൽ, യുക്രെയ്‌നിന്റെ ആദ്യ പ്രതിരോധനിര സ്വന്തം സൈന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതായിരിക്കുമെന്നും അതിന് പരിധി നിശ്ചയിക്കാനാവില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

മരവിപ്പിച്ച റഷ്യൻ ആസ്തികൾ യൂറോപ്പിലാണെന്നും അവ എന്തുചെയ്യണമെന്ന് യൂറോപ്പിന് മാത്രമേ തീരുമാനിക്കാൻ കഴിയൂ എന്നും യുക്രെയ്ൻ പക്ഷത്തെ പ്രതിനിധിയായ ഒലെക്സാണ്ടർ ബെവ്സ് പറഞ്ഞു. ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു.  ഇരുപക്ഷത്തിനും മിക്ക കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവും പ്രതികരിച്ചു. 



Tags:    
News Summary - Russia begins bombing year in Ukraine capital amid peace efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.