താലിബാൻ സർക്കാറി​നെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് താലിബാൻ പ്രതിനിധികൾ

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ.ധീരമായ തീരുമാനം എന്നാണ് അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇതിനെ വിശേഷിപ്പിച്ചത്. ഇത് മറ്റുരാജ്യങ്ങൾക്ക് മാതൃകയായിരിക്കുമെന്നും മുത്തഖി പറഞ്ഞു. അഫ്ഗാനിസ്താനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി അദ്ദേഹം വ്യാഴാഴ്ച കാബൂളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അഫ്ഗാനിലെ ഇസ്‍ലാമിക് എമിറേറ്റ്സിനെ അംഗീകരിക്കാനുള്ള തന്റെ സർക്കാറിന്റെ തീരുമാനം ഷിർനോവ് ഔദ്യോഗികമായി അറിയിച്ചത്. താലിബാന്‍ സര്‍ക്കാറിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.

നാല് വർഷം മുമ്പ് യു.എസ് സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്ത താലിബാൻ അധികൃതരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിന് റഷ്യ നടപടികൾ തുടരുകയായിരുന്നു. യു.എസ് പിൻവാങ്ങൽ പരാജയം എന്ന് വിശേഷിപ്പിച്ച റഷ്യ അന്നുമുതൽ താലിബാൻ അധികൃതരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും നടപടികൾ സ്വീകരിച്ചുതുടങ്ങി.

അതേസമയം അഫ്ഗാനുമായുള്ള ബന്ധം വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്ന് റഷ്യയും വ്യക്തമാക്കി. 2021 ആഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ താലിബാൻ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ.

2022 ലും 2024 ലും സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഫോറത്തിൽ താലിബാൻ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. സംഘത്തിലെ ഉന്നത നയതന്ത്രജ്ഞൻ കഴിഞ്ഞ ഒക്ടോബറിൽ മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. 2024 ജൂലൈയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ താലിബാനെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ സഖ്യകക്ഷി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അതേ വര്‍ഷം ഏപ്രിലില്‍ താലിബാനെ റഷ്യയിലെ സുപ്രിംകോടതി തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ റഷ്യ അംഗീകരിക്കുന്നത്.


Tags:    
News Summary - Russia becomes first country to recognise Afghanistan’s Taliban government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.