ടിരാന: എട്ടുവർഷത്തെ ദാമ്പത്യത്തിനു ശേഷം അൽബേനിയ രാജകുമാരനും രാജ്ഞിയും വേർപിരിയുന്നു. 2016ലായിരുന്നു അൽബേനിയയിലെ കിരീടാവകാശലയായ ലെക രാജകുമാരനും നടിയും ഗായികയുമായ എലിയ സഹരിയയും തമ്മിലുള്ള ആഡംബര വിവാഹം. 2008 ൽ പാരീസിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിലായി.
2010ൽ വിവാഹ നിശ്ചയവും നടന്നു. അതിനുശേഷം ലെകയുടെ മിക്ക സന്ദർശനങ്ങളിലും രാജകുടുംബത്തിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചകളിലും എലിയ ഒപ്പം ഉണ്ടായിരുന്നു. ആറുവർഷം കഴിഞ്ഞായിരുന്നു വിവാഹം. 2020ലാണ് ഇരുവർക്കും മകളായ ജെറാൾഡിൻ പിറന്നത്. മുത്തശ്ശിയുടെ 28ാം ചരമവാർഷികത്തിൽ പിറന്നതിനാൽ അവരുടെ പേരാണ് മകൾക്ക് നൽകിയത്. മൂന്നു വയസുള്ള മകളുടെ കാര്യത്തിൽ രണ്ടുപേർക്ക് തുല്യ ഉത്തരവാദിത്തമുണ്ടാകുമെന്നും രാജകുമാരൻ പറഞ്ഞു.
''പ്രിയ സുഹൃത്തുക്കളെ, സ്നേഹം നിറഞ്ഞവരെ...ഞങ്ങളിരുവരും വിവാഹമോചന കരാറിൽ ഒപ്പുവെച്ച കാര്യം നിങ്ങളെ അറിയിക്കുകയാണ്. വിവാഹജീവിതം യാന്ത്രികമായി മാറിയാൽ പരസ്പര സമ്മതത്തോടെ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്.''-എന്നാണ് ലെക രാജകുമാരൻ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്.
1939 ഏപ്രിലിൽ മുസ്സോളിനി അൽബേനിയ ആക്രമിച്ചപ്പോൾ കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് നാടുകടത്തപ്പെട്ട രാജാവ് സോഗ് ഒന്നാമൻ രാജാവിന്റെ കൊച്ചുമകനാണ് 41 കാരനായ ലെക രണ്ടാമൻ. 2011ൽ പിതാവ് ലെക ഒന്നാമൻ രാജാവിന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം അൽബേനിയൻ കിരീടാവകാശിയായി മാറിയത്. അൽബേനിയൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അൽബേനിയൻ പ്രസിഡന്റിന്റെ ഓഫിസ് എന്നിവയിൽ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. 40 വയസുള്ള ഏലിയ രാജകുമാരി അൽബേനിയൻ നാഷനൽ തിയേറ്ററിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.