ആഭ്യന്തര മന്ത്രി സുവല്ല ​ബ്രേവർമാനെ പുറത്താക്കി ഋഷി സുനക്

ലണ്ടൻ: ആഭ്യന്തരമന്ത്രി സുവല്ല ബ്രേവർമാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. ഫലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് സുവല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്.

ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് സുവല്ല. ശനിയാഴ്ച നടന്ന മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിർത്തുകൊണ്ട് ​ സുവല്ല ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഋഷി സുനക്കിനെ സമ്മർദത്തിലാക്കുന്നതായിരുന്നു ലേഖനം. ഇന്ത്യൻ വംശജയാണ് സുവല്ല. മന്ത്രിസഭാ പുനഃ സംഘടനയുടെ ഭാഗമായാണ് പുറത്താക്കൽ എന്നാണ് ബ്രിട്ടീഷ് ഭരണകൂടം നൽകുന്ന വിശദീകരണം.  വിദേശകാര്യമന്ത്രിയായിരുന്ന ജെയിംസ് ക്ലെവർലിയാണ് പുതിയ ആഭ്യന്തര സെക്രട്ടറി. 

ഫലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ കൂടുതൽ നടപടി വേണമെന്നായിരുന്നു സുവല്ലയുടെ ആവശ്യം. പൊലീസിന് ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന സുവല്ലയുടെ പരാമർശവും വിവാദമായി. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ ഋഷി സുനകിന്റെ മന്ത്രി സഭയിലെ മറ്റ് അംഗങ്ങൾ രംഗത്തെത്തി.  

ആഭ്യന്തരമന്ത്രിയുടെ നിലപാട് സംഘർഷം വർധിപ്പിക്കാനും വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും വിമർശനമുയർന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനിൽ റാലി നടത്തുന്നത് പ്രകോപനപരവും അനാദരവുമാണെന്നായിരുന്നു സുനക് അഭിപ്രായപ്പെട്ടത്. രണ്ട് ലോകയുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരെ ഓർമിക്കുന്ന യുദ്ധവിരാമ ദിനമായ നവംബർ ഒന്നിനാണ് പ്രകടനം നടന്നത്. 

മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയിലും ആഭ്യന്തര സെക്രട്ടറിയായിരുന്ന സുവല്ല 2022 ഒക്ടോബർ മാസം രാജിവച്ചിരുന്നു.  പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എംപിക്കു സ്വകാര്യ ഇമെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിനായിരുന്നു രാജി.  ഋഷി സുനക് അധികാരത്തിലേറിയപ്പോൾ സുവല്ലയെ വീണ്ടും ആഭ്യന്തര മന്ത്രിയാക്കുകയായിരുന്നു. 



Tags:    
News Summary - Rishi Sunak Sacks UK Interior Minister Suella Braverman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.