മോദിയുടെ സന്ദർശനത്തിനിടെ വാഷിങ്ടണിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിക്കുന്ന വേളയിൽ, ഗുജറാത്ത് കലാപത്തിൽ ​മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദർശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾ. ഈ മാസം 21നാണ് മോദിയുടെ യു.എസ് സന്ദർശനം. ജൂൺ 20 ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മാധ്യമപ്രവർത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.

2002ൽ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന മുസ്‍ലിം വംശഹത്യയെ കുറിച്ച് ബി.ബി.സി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയു​ടെ രണ്ട് ഭാഗങ്ങളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ​സർക്കാറിനെതിരായ പ്രൊപഗണ്ടയാണ് ഡോക്യുമെന്ററി എന്നായിരുന്നു സർക്കാർ ആരോപണം. എന്നാൽ, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയിൽ പറഞ്ഞ കാര്യങ്ങളിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്നും കണിശമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം.

ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച കാര്യം ഓർമ്മപ്പെടുത്താൻ കൂടിയാണ് പ്രദർശനമെന്ന് സംഘാടകർ പറഞ്ഞു. ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബ്, ട്വിറ്റർ എന്നിവയോട് കേന്ദ്രം ഉത്തരവിട്ടിരുന്നു. കൂടാതെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഇത് പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുകയും പ്രദർശിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. നിരോധനം വകവയ്ക്കാതെയാണ് പലയിടത്തും വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഇതിന്റെ പ്രദർശനം സംഘടിപ്പിച്ചത്.

ഡോക്യുമെന്ററി വിവാദമായതോടെ ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫിസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബി.ബി.സിക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. 

Tags:    
News Summary - Rights groups to screen BBC documentary on Modi in Washington ahead of PM’s state visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.