ലണ്ടൻ: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയായി പുതിയ ഇമിഗ്രേഷൻ നയം ബ്രിട്ടൻ പ്രഖ്യാപിച്ചു. സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണമേർപ്പെടുത്തി. ജനപ്രതിനിധി സഭക്ക് രേഖാമൂലം നൽകിയ പ്രസ്താവനയിൽ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുമായി ചർച്ചചെയ്ത് കഴിയുന്നത്ര വേഗത്തിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് അവർ പറഞ്ഞു.
നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിൽ ചേരുന്ന വിദേശ വിദ്യാർഥികൾക്ക് മാത്രമാണ് കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഇനിമുതൽ ആശ്രിതരായി കൊണ്ടുവരാൻ സാധിക്കുക. കഴിഞ്ഞ വർഷം മാത്രം സ്റ്റുഡന്റ് വിസയിലുള്ളവരുടെ ആശ്രിതർക്കായി 1,36,000 വിസകളാണ് അനുവദിച്ചത്. 2019നെ അപേക്ഷിച്ച് എട്ട് മടങ്ങ് വർധനയാണ് കഴിഞ്ഞ വർഷമുണ്ടായത്. അന്ന് 16,000 വിസകൾ മാത്രമാണ് ആശ്രിതർക്കായി അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ആശ്രിത വിസകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.
പുതിയ വ്യവസ്ഥ പ്രകാരം സ്റ്റുഡന്റ് വിസയിലുള്ളവർക്ക് പഠനം പൂർത്തിയാകുന്നതിനുമുമ്പ് തൊഴിൽ വിസയിലേക്ക് മാറാൻ കഴിയില്ല. വിദ്യാർഥികൾക്കും ആശ്രിതർക്കും ബ്രിട്ടനിൽ കഴിയാൻ ആവശ്യമായ കരുതൽ തുകയുടെ കാര്യത്തിലും പുനരാലോചന ഉണ്ടാകും. വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനല്ലാതെ വൻതുക വാങ്ങി കുടിയേറ്റത്തിനായി മാത്രം ആളുകളെ എത്തിക്കുന്ന അനധികൃത വിദ്യാഭ്യാസ ഏജന്റുമാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഹോം സെക്രട്ടറി പറഞ്ഞു. ഏറ്റവും മികച്ച വിദ്യാർഥികളെ യു.കെയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.