ജറൂസലം: ഹമാസുമായുള്ള വെടിനിർത്തൽ താൽകാലികം മാത്രമാണെന്നും അനിവാര്യമെങ്കിൽ യു.എസിന്റെ സഹായത്തോടെ യുദ്ധം തുടരാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭീഷണി. ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഇസ്രായേൽ കൈമാറിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു എക്സിൽ കുറിച്ചിരുന്നു.
ലബനാനിലും സിറിയയിലും ഇസ്രായേൽ നേടിയ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയുടെ മുഖഛായ തന്നെ ഗസ്സ യുദ്ധം മാറ്റിയെന്നും ഏറ്റവും നല്ല വെടിനിർത്തൽ കരാറാണ് നടപ്പാക്കാൻ കഴിഞ്ഞതെന്നും ഇസ്രാേയൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ടെലിവിഷൻ അഭിസംബോധനയിൽ നെതന്യാഹു വ്യക്തമാക്കി. ''ഈ വെടിനിർത്തൽ താൽകാലികം മാത്രമാണ്. വേണമെങ്കിൽ അമേരിക്കൻ പിന്തുണയോടെ ഗസ്സയിൽ യുദ്ധം പുനരാരംഭിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുമെന്ന് ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഈ വെടിനിർത്തൽ കരാറിലൂടെ 33 ബന്ദികളെയും തിരികെ കൊണ്ടുവരും. അവരെല്ലാം ജീവനോടെ തന്നെയുണ്ട്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റപ്പെടും. യുദ്ധം പുനരാരംഭിക്കൻ നിർബന്ധിതരായാൽ പൂർവാധികം ശക്തിയോടെ അത് നടപ്പാക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ പശ്ചിമേഷ്യയുടെ മുഖഛായ മാറ്റി.''-നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ സമയം ഞായറാഴ്ച രാവിലെ 8.30നാണ് ബന്ദികൈമാറ്റം നടക്കുക. ആദ്യഘട്ടത്തിൽ മൂന്നുപേരെ വിട്ടയക്കുമെന്നാണ് ഹമാസ് അറിയിച്ചിട്ടുള്ളത്. ഇവർ 30 വയസ്സിൽതാഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നായിരുന്നു ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ ഹമാസ് വിട്ടയക്കുന്നവരുടെ പട്ടിക തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.
ഖത്തർ, യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ എട്ടുമാസത്തെ മധ്യസ്ഥ ശ്രമഫലമായുണ്ടായ വെടിനിർത്തൽ കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. പിന്നാലെ ചേർന്ന സമ്പൂർണ കാബിനറ്റ് യോഗം ആറുമണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ശനിയാഴ്ച പുലർച്ചെയോടെ കരാർ അംഗീകരിച്ചു.
വെടിനിർത്തൽ കരാറനുസരിച്ച് ഇസ്രായേൽ സൈന്യം ജനവാസ മേഖലയിൽ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും. കൂടുതൽ മാനുഷിക സഹായവും ഗസ്സയിലെത്തും. ഇതോടെ ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലുമടക്കം കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനാകും. ഇസ്രായേൽ ആക്രമണത്തിൽ ഏറക്കുറെ പൂർണമായി തകർക്കപ്പെട്ട ഗസ്സയിലേക്കാണ് ഇവർ തിരിച്ചെത്തുന്നത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിൽ പുരുഷ സൈനികരെ ഹമാസ് മോചിപ്പിക്കും. ഇസ്രായേൽ സമ്പൂർണമായി പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.