വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിലെ ചർച്ചിൽ അഞ്ചുപേരെ വെടിവെച്ച് കൊന്ന മുൻ യു.എസ് നാവികനും 40കാരനുമായ തോമസ് ജേക്കബ് സാൻഫോർഡ്, പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുഭാവി. സംഭവത്തിൽ അന്വേഷണം നടത്തുന്ന പൊലീസാണ് ഇയാളുടെ രാഷ്ട്രീയ ബന്ധം കണ്ടെത്തിയത്. ഇയാളുടെ വീടിന് പുറത്ത് 'ട്രംപ് - വാൻസ്' എന്ന യാർഡ് ബോർഡ് പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. മാത്രമല്ല, ട്രംപിനെക്കുറിച്ചുള്ള നിരവധി പോസ്റ്റുകൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇതോടെ അക്രമി ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും അനുഭാവിയായിരുന്നു എന്ന വാദം മുറുകിയിരിക്കുകയാണ്.
മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്സിൽ ആക്രമണം നടന്ന വാർത്ത അറിഞ്ഞയുടൻ ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നിരിക്കുന്നത് എന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. നമ്മുടെ രാജ്യത്തുനിന്ന് അക്രമത്തിന്റെ പകർച്ചവ്യാധിയെ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് തന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
മുൻ സൈനികനായ തോമസ് സാൻഫോർഡ് ബർട്ടൺ സ്വദേശിയാണ്. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഇയാൾ 2004 - 2008 കാലയളവിൽ മികച്ച സേവനത്തിന് മെഡലുകളും നേടിയിട്ടുണ്ട്. ഇയാളുടെ മാതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളും ഇയാൾ സൈനികനായിരുന്ന കാര്യം തെളിയിക്കുന്നുണ്ട്.
പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനക്കിടെയാണ് വെടിവെപ്പ് നടന്നത്. തോമസ് സാൻഫോർഡ് വാഹനം ഓടിച്ചെത്തി പള്ളിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സെമി ഓട്ടോമാറ്റിക് തോക്ക് പുറത്തെടുത്ത് വെടിവെപ്പ് നടത്തിയ ഇയാൾ പള്ളിക്ക് തീയിടുകയും ചെയ്തു. അഞ്ച് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടക്കുന്ന സമയത്ത് നൂറോളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു.
തുടർന്ന് സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ പൊലീസുമായും ഏറ്റുമുട്ടി. തുടർന്ന് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. മൂന്നു തോക്കുകൾ ഇയാളുടെ വാഹനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.