ഗസ്സ സിറ്റി / തെൽ അവീവ്: ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാറിന് അംഗീകാരമായതോടെ ബന്ദികൾക്ക് പകരമായി ഇസ്രായേൽ വിട്ടയക്കുന്നവരിൽ മർവാൻ ബർഗൂതി ഉൾപ്പെട്ടതായി റിപ്പോർട്ട്. വെടിനിർത്തൽ ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-അറബി അൽ-ജദീദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ പറഞ്ഞു. ബർഗൂതിക്കൊപ്പം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഫലസ്തീൻ ദേശീയ സംഘടനയായ പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീന്‍റെ നേതാവ് അഹമ്മദ് സആദാത്ത്, ഹമാസിന്‍റെ മുതിർന്ന അംഗങ്ങളായ ഇബ്രാഹിം ഹമദ്, ഹസ്സൻ സലാമ എന്നിവരെയും മോചിപ്പിക്കാൻ ഇസ്രായേൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. നാലുപേരും ഇസ്രായേൽ ജയിലിൽ ഒന്നിലധികം ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്.
ഇസ്രായേൽ വിട്ടയക്കുന്ന തടവുകാരിൽ 250 മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആരെയെല്ലാം വിട്ടയക്കാൻ ഇസ്രായേൽ സമ്മതിച്ചതെന്നതിൽ പൂർണമായ വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ, ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി ബർഗൂതിയെ മോചിപ്പിക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ലെന്ന് ഒരു ഇസ്രായേൽ സർക്കാർ വക്താവ് ഷോഷ് ബെഡ്രോസിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബർഗൂതിയെയും ഹമദിനെയും വിട്ടയക്കില്ലെന്ന് ചാനൽ12 ഉം റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീനിലെ രാഷ്ട്രീയ പാർട്ടിയായ, ഫലസ്തീൻ ദേശീയ വിമോചന പ്രസ്ഥാനം എന്നറിയപ്പെടുന്ന ഫതഹ് പാർട്ടി നേതാവായ മർവാൻ ബർഗൂതിയെ, രണ്ടാം ഇന്‍തിഫാദ സമയത്ത് അഞ്ച് പേരുടെ മരണത്തിന് കാരണമായി എന്നാരോപിച്ചാണ് ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. പല കാലങ്ങളിൽ നടന്ന ചർച്ചകളിലെല്ലാം ബർഗൂതിയുടെ മോചനത്തിനായി ഹമാസ് നിര്‍ബന്ധം പിടിച്ചിരുന്നെങ്കിലും ഇസ്രായേൽ വിട്ടയച്ചിരുന്നില്ല. 2011ൽ നടന്ന തടവുകാരുടെ കൈമാറ്റത്തിലും ബർഗൂതിയുടെ പേര് ഹമാസ് ഉന്നയിച്ചെങ്കിലും യഹ്യ സിൻവറിനെ വരെ അന്ന് വിട്ടയച്ച ഇസ്രായേൽ ബർഗൂതിയെ മോചിപ്പിച്ചില്ല.
രണ്ട് പതിറ്റാണ്ടിലേറെയായി തടവറയില്‍ കഴിയുന്ന അദ്ദേഹം ഫലസ്തീന്‍ ജനതയുടെ ഹീറോകളിലൊരാളാണ്. ‘അറേബ്യൻ മണ്ടേല’ എന്ന് അറിയപ്പെടുന്ന ബർഗൂതി, യാസർ അറഫാത്തിന്റെ പിൻഗാമിയാകുമെന്ന് വരെ പ്രവചിക്കപ്പെട്ടിരുന്നു. ഇത്തവണയും വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഇസ്രയേല്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ ബർഗൂതിയുടെ പേര് ഹമാസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.