പ്രതീകാത്മക ചിത്രം

‘കപട ഹിന്ദു ദൈവം’ സ്റ്റാച്യു ഓഫ് യൂണിയൻ പ്രതി​മക്കെതിരെ പരാമർശവുമായി റിപ്പബ്ളിക്കൻ നേതാവ്, വിവാദം

വാഷിംഗ്ടൺ: ടെക്സസ് നഗരത്തിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമക്കെതിരെ രൂക്ഷ പരാമർശവുമായി റിപ്പബ്ളിക്കൻ നേതാവ്. ‘ഒരുമയുടെ ശിൽപം’ എന്ന പേരിൽ അറിയ​പ്പെടുന്ന പ്രതിമ 2024ൽ ആണ് ടെക്സസിൽ അനാഛാദനം ചെയ്തത്.

അമേരിക്ക ക്രിസ്ത്യൻ രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടെക്സസിൽ നിന്നുള്ള റിപ്പബ്ളിക് നേതാവ് അലക്സാണ്ടർ ഡങ്കൻ പ്രതിമ നിർമാണത്തെ എതിർത്തത്.

‘എന്തിനാണ് ടെക്സസിൽ നമ്മൾ ഒരു കപട ഹിന്ദുദൈവത്തിൻറെ പ്രതിമ അനുവദിക്കുന്നത്? നമ്മൾ ക്രൈസ്തവ രാജ്യമാണ്,’ ഡങ്കൻ എക്സിലെ പോസ്റ്റിൽ പറഞ്ഞു. ടെക്സസിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ പ്രതിമയുടെ വീഡിയോ പങ്കുവെച്ചായിരുന്നു കുറിപ്പ്.

പിന്നാലെ മറ്റൊരു പോസ്റ്റിൽ ഏകദൈവവിശ്വാസം നിഷ്‍കർഷിക്കുന്നതും വിഗ്രഹാരാധന വിലക്കുന്നതുമായ ബൈബിളിൽ നിന്നുള്ള ഉദ്ധരണികളും ഡങ്കൻ പങ്കുവെച്ചു. യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻറെ പാർട്ടി നേതാക്കളിലൊരാൾ ഇത്തരത്തിൽ പ്രസ്താവന നടത്തിയതിൽ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തെത്തി.

ഡങ്കൻറെ പ്രസ്താവന ഹിന്ദുവിരുദ്ധതയാണെന്നും വിദ്വേഷപരമാണെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. വിഷയം റിപ്പബ്ളിക്കൻ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തി നടപടി ആവശ്യപ്പെടു​മെന്നും സംഘടന എക്സിലെ കുറിപ്പിൽ പറഞ്ഞു. 

അമേരിക്കൻ ഭരണഘടന വിവിധ മതവിഭാഗങ്ങൾക്ക് അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്രം നൽകുന്നുണ്ടെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാണിച്ചു. ക്രിസ്തുമതത്തിൽ ഹൈന്ദവ തത്വചിന്തകൾക്ക് കാര്യമായ സ്വാധീനമുണ്ടെന്ന് ജോർദാൻ ക്രൗഡർ എന്ന ഉപയോക്താവ് ഡങ്കൻറെ പോസ്റ്റിന് താഴെ കുറിച്ചു.

2024-ൽ അനാച്ഛാദനം ചെയ്യപ്പെട്ട ‘സ്റ്റാച്യു ഓഫ് യൂണിയൻ’ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹിന്ദു സ്മാരകങ്ങളിൽ ഒന്നാണ്. ഹൈദാരാബാദ് കേ​ന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ ആത്മീയ ആചാര്യൻ ചിന്നജീയരുടെ നേതൃത്വത്തിലാണ് പ്രതിമ വിഭാവനം ചെയ്തത്. അമേരിക്കയിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമയാണിത്.

Tags:    
News Summary - Remark On Hanuman Statue In US Sparks Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.