പാരിസ്: ഫ്രീഡം ഫ്ലോട്ടില കപ്പലിലെ അവസാന മൂന്ന് മനുഷ്യാവകാശ പ്രവർത്തകരെയും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ച് ഇസ്രായേൽ. ഫ്രഞ്ച് പൗരന്മാരായ പാസ്കൽ മോറിയെറാസ്, യാനിസ് മുഹമ്മദി എന്നിവരെയും ഡച്ച് പൗരനായ മാർകോ വാൻ റെന്നിസിനെയുമാണ് ജോർഡൻ വഴി സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ഫലസ്തീനികൾക്കായി കഴിയുന്നത് ഇനിയും ചെയ്യുമെന്ന് മൂന്നുപേരും പ്രതികരിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് അടക്കം ഒമ്പതുപേരെ നേരത്തേ രണ്ടുഘട്ടങ്ങളിലായി തിരിച്ചയച്ചിരുന്നു. ഗസ്സയിലെ ഇസ്രായേലിന്റെ പട്ടിണിക്കൊല ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാനാണ് ഫ്രീഡം ഫ്ലോട്ടില സഖ്യം മാദ്ലീൻ എന്ന നൗകയിൽ ഇറ്റലിയിൽനിന്ന് ഗസ്സയിലേക്ക് യാത്രതിരിച്ചത്. എന്നാൽ, ഗസ്സ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെ കപ്പൽ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു ഇസ്രായേൽ.
അതേസമയം, ഗസ്സയിൽ ഇന്നലെ 24 മണിക്കൂറിനിടെ 52 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റഫയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിന് കാത്തുനിന്ന 38 ഫലസ്തീനികളും കൊല്ലപ്പെട്ടവരിലുൾപ്പെടും. യു.എസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ക്യാമ്പിലാണ് കൂട്ടക്കൊല. ഭക്ഷണത്തിന് കാത്തുനിന്ന കുടുംബങ്ങൾക്ക് നേരെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
മൂന്നുമാസത്തോളം പൂർണമായി അടച്ചിട്ടശേഷമാണ് ഇപ്പോൾ പരിമിതതോതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ ഭക്ഷണം തേടിയെത്തുന്നവരെ കൊലപ്പെടുത്തുന്നത് ഇസ്രായേൽ പതിവാക്കിയിരിക്കുകയാണ്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ക്യാമ്പിൽ ഇതുവരെ 308 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വടക്കൻ ഗസ്സയിലെ ദുരിതാശ്വാസ ക്യാമ്പിലും മൂന്നുപേർ കൊല്ലപ്പെട്ടു. ഇതുവരെ 55,362 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.