തെഹ്റാൻ: ആക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ട ഇറാന്‍റെ ഐ.ആർ.ജി.സിയുടെ ഖുദ്സ് വിഭാഗം കമാൻഡർ ഇസ്മാഈൽ ഖാനി തെഹ്റാനിൽ യുദ്ധവിജയാഘോഷത്തില്‍ പങ്കെടുത്തു. ഖാനി തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാൽ, തെഹ്റാനിലെ വിജയാഘോഷത്തിൽ ഖാനി പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇറാനിലെ മെഹർ വാർത്ത ഏജൻസി പുറത്തുവിട്ടു.
'ഓപറേഷൻ റൈസിങ് ലയൺ' എന്ന പേരിൽ ഇസ്രായേൽ ജൂൺ 13ന് ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യഘട്ടത്തിലാണ് ഖുദ്സ് സേനയുടെ തലവനായ ഇസ്മാഈൽ ഖാനിയെ വധിച്ചതായി അവകാശപ്പെട്ടത്. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇസ്രായേൽ നൽകിയിരുന്നില്ല. ജൂൺ 13ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാനി കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഖാനിയുടെ 'മരണം' സംബന്ധിച്ച് ഇറാൻ ഇസ്രായേലിനെ കബളിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
ഇതാദ്യമായല്ല ഇസ്മാഈൽ ഖാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നത്. 2024 ഒക്ടോബറിൽ ബൈറൂത്തിലുണ്ടായ ആക്രമണത്തിൽ ഖാനി കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിച്ചിരുന്നു. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ച സംഘർഷ സാഹചര്യത്തിലായിരുന്നു ഇത്. ഏറെക്കാലത്തിന് ശേഷം ഖാനി വീണ്ടും പൊതുമധ്യത്തിലെത്തുകയായിരുന്നു.
ഇസ്മാഈൽ ഖാനി
ഇറാനിലെ ശക്തനായ സൈനിക മേധാവിയാണ് ഖാനി. 2020 ജനുവരി മൂന്നിന് ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യു.എസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജനറൽ ഇസ്മായിൽ ഖാനി പിൻഗാമിയായി ചുമതലയേറ്റത്.
അതേസമയം, ഇസ്രായേലും ഇറാനും വെടിനിർത്തൽ ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ 12 ദിവസമായി തുടർന്നുവന്ന യുദ്ധത്തിന് അവസാനമായിരിക്കുകയാണ്. ഇന്നലെ വെടിനിർത്തലിന് ശേഷവും ഇരുവിഭാഗവും ആക്രമണം നടത്തിയതിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രംപിന്‍റെ നിർദേശത്തെ തുടർന്ന് ഇറാനെതിരെ കൂടുതൽ ആക്രമണം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. ഇസ്രായേൽ ഇങ്ങോട്ട് ആക്രമിച്ചാലേ തിരിച്ചടിക്കൂവെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.