എബോള ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ കെനിയയിൽ ജനരോഷം: പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെയ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

നെയ്‌റോബി: യു.എസ്. എബോള ക്വാറന്റൈൻ സെന്റർ പദ്ധതിക്കെതിരെയുള്ള കെനിയൻ പ്രതിഷേധത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. നാനൂക്കി നഗരത്തിൽ യു.എസ്. സഹായത്തോടെയുള്ള എബോള ക്വാറന്റൈൻ സെന്റർ സ്ഥാപിക്കുന്നതിനെതിരെ നടന്ന വൻ പ്രതിഷേധത്തിനിടെയാണ് രണ്ട് പേരെ കെനിയൻ പോലീസ് വെടിവെച്ചു കൊന്നത്.

റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്ത നൂറുകണക്കിന് പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന കണ്ണീർവാതകവും വെടിയുണ്ടകളും പ്രയോഗിച്ചു. കൊല്ലപ്പെട്ട രണ്ട് പേരും വെടിയേറ്റാണ് മരിച്ചതെന്ന് പ്രതിഷേധ സംഘാടകർ സ്ഥിരീകരിച്ചു. 

ലൈകിപിയ എയർബേസിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 50 ബെഡുകളുള്ള ഈ കേന്ദ്രം, എബോള ബാധിച്ച അമേരിക്കൻ പൗരന്മാരെ പാർപ്പിച്ചു ചികിത്സിക്കാനുള്ളതാണ്. നിലവിൽ കോംഗോയിലും ഉഗാണ്ടയിലും എബോള പടർന്നുപിടിക്കുന്നുണ്ടെങ്കിലും കെനിയയിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്ക തങ്ങളുടെ ആരോഗ്യപരമായ ഭീഷണികൾ കെനിയൻ മണ്ണിലേക്ക് അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

 പ്രദേശവാസികൾക്ക് വലിയ ആരോഗ്യ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെനിയൻ ഹൈകോടതി ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി തടഞ്ഞിട്ടുണ്ട്. കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ, യു.എസ്. സൈനിക വിമാനങ്ങൾ ജീവനക്കാരെയും ഉപകരണങ്ങളെയും പ്രദേശത്തേക്ക് എത്തിക്കുന്നത് തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. 

യു.എസുമായുള്ള ഈ പങ്കാളിത്ത കരാറിനെ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ന്യായീകരിച്ചു. ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കെനിയയുടെ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് സൗഹൃദ രാജ്യങ്ങളുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Public outrage in Kenya over Ebola quarantine center: Police open fire on protesters, two killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.