കിയവ്: റഷ്യ ആറാം ദിവസവും ശക്തമായ ആക്രമണം തുടരുമ്പോഴും ചെറുത്തുനിൽക്കുകയാണ് യുക്രെയ്ൻ സൈന്യം. തലസ്ഥാനമായ കിയവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലേക്കൊന്നും ഇതുവരെ റഷ്യൻ സൈന്യത്തിന് കടന്നുകയറാനായിട്ടില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച യൂറോപ്യൻ പാർലമെന്‍റിൽ വീഡിയോ കോൺഫറൻസ് വഴി അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി സംസാരിച്ചത്.
നിങ്ങൾ യുക്രെയ്നോടൊപ്പമാണെന്ന് തെളിയിക്കണമെന്ന് സെലൻസ്കി യുറോപ്യൻ യൂനിയനോട് അഭ്യർഥിച്ചു. 'യുക്രെയ്ൻ ജനത അവരുടെ മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പോരാടുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. നിങ്ങളില്ലാതെ യുക്രെയ്ൻ തനിച്ചാകും, ഞങ്ങളുടെ ശക്തി ഞങ്ങൾ തെളിയിച്ചു, ഞങ്ങൾ നിങ്ങളെപ്പോലെ തന്നെയാണെന്നും ഞങ്ങൾ തെളിയിച്ചു. അതിനാൽ നിങ്ങൾ ഞങ്ങളുടെ കൂടെയാണെന്ന് തെളിയിക്കുക, യുക്രെയ്നിൽ റഷ്യൻ ആക്രമണം അനുവദിക്കില്ലെന്ന് നിങ്ങൾ വ്യക്തമാക്കുക, നമുക്ക് ഒരുമിച്ച് പോകാം' -സെലൻസ്‌കി പറഞ്ഞു.
യുക്രെയ്നെ തകർക്കാൻ ആർക്കും സാധിക്കില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരും. യുക്രെയ്നിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ ശക്തമായ ഷെല്ലാക്രമണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലൻസ്കിയെ യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് വരവേറ്റത്. യുക്രെയ്ൻ പാർലമെന്‍റ് സ്പീക്കറും പങ്കെടുത്തു.
ഓരോ ദിവസവും ആളുകൾ മരിക്കുന്ന കഠിനമായ യാഥാർഥ്യത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. നിങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന മൂല്യങ്ങൾക്കും അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ഇന്ന് ആ ജീവിതങ്ങൾ ബലികഴിക്കുകയാണെന്ന് ഞാൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഖാർകീവിലെ പ്രാദേശിക സർക്കാറിന്‍റെ ആസ്ഥാനമന്ദിരം റഷ്യസേന തകർത്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ 10 പേർ കൊല്ലപ്പട്ടതായും 20 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു.
ഇത് ഭരണകൂട ഭീകരതയാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. റഷ്യക്കെതിരെ യുദ്ധകുറ്റം ആരോപിച്ച അദ്ദേഹം, ജനവാസ കേന്ദ്രങ്ങളിലടക്കം നടത്തിയ ആക്രമണത്തിൽ 16 കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ടതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.