'ഇറാനെതിരെ യുദ്ധം വേണ്ട'; വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം

വാഷിങ്ടൺ ഡി.സി: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ ഇടപെടാൻ യു.എസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പ്രസിഡന്‍റിന്‍റെ വസതിയായ വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധം. ഇറാനെതിരായ യുദ്ധത്തിൽ യു.എസ് ഇടപെടരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇറാനെതിരെ യു.എസ് യുദ്ധത്തിനൊരുങ്ങുന്നതിനെയും ഇസ്രായേലിന് യു.എസ് സൈനിക സഹായം നൽകുന്നതിനെയും പ്രതിഷേധക്കാർ എതിർക്കുകയാണ്. യുദ്ധത്തിന് വേണ്ടിയല്ല, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണം ചെലവഴിക്കേണ്ടതെന്ന പ്ലക്കാർഡുകൾ പ്രതിഷേധക്കാർ ഉയർത്തി.

 

ഇറാനെ ആക്രമിക്കുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയെന്നും അന്തിമ ഉത്തരവ് ഇറക്കിയില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്‍റെ ആവശ്യം ഇറാൻ തള്ളിയിരുന്നു. ഇറാനെ ആക്രമിക്കുമോ​യെന്ന ചോദ്യത്തിന് ചിലപ്പോൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ഒരാഴ്ചക്കുള്ളിൽ വലിയ കാര്യം സംഭവിക്കുമെന്നും ട്രംപ് പറഞ്ഞിരിക്കുകയാണ്.

 

എന്നാൽ, ഒരു തരത്തിലുള്ള ഭീഷണിയും വേണ്ടെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ട്രംപിന് മറുപടി നൽകിയത്. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടൽ പരിഹരിക്കാന്‍പറ്റാത്ത ദോഷത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് യുദ്ധത്തിനൊരുങ്ങുമ്പോഴും ട്രംപിന്റെ അനുയായികളായ ഭൂരിപക്ഷം പേർക്കും അമേരിക്ക ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഇടപെടുന്നതിൽ താൽപര്യമില്ലെന്നാണ് അഭിപ്രായ സർവേഫലം. ഇക്കണോമിസ്റ്റ്​/യുഗോവ് പോളും നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 2024ൽ ട്രംപിനെ പിന്തുണച്ച 53 ശതമാനം പേർക്കും യു.എസ് ഇറാനെ ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് സർവേ വ്യക്തമാക്കുന്നു.

നേരത്തെ, യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമാകുന്നതിനെ റിപബ്ലിക്കൻ കൗൺസിലർമാർ തന്നെ എതിർത്തിരുന്നു. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയുന്നതിന് ബിൽ അവതരിപ്പിച്ചിരുന്നു. ഫെഡറൽ ഫണ്ടുകൾ യു.എസ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാണ് ബില്ലിലൂടെ ആവശ്യപ്പെട്ടത്. 

Tags:    
News Summary - Protesters rally against US involvement in Israel’s attacks on Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.